യുപി -യിൽ നിന്നുള്ള മുഹമ്മദ് ആരിഫ് എന്ന 35 -കാരനും ഒരു സാരസ കൊക്കും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ കഥ നേരത്തെ തന്നെ വാർത്ത ആയതാണ്. ഏതാണ്ട് ഒരു വർഷം മുമ്പാണ് ഗുരുതരമായി പരിക്ക് പറ്റിയ സാരസ കൊക്കിനെ (Sarus crane) ആരിഫ് രക്ഷപ്പെടുത്തുന്നതും തന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നതും. ഒരു കാലിന് ഗുരുതരമായി പരിക്കേറ്റ് ഒരു വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പക്ഷി. അവിടെ നിന്നും ആരിഫ് അതിനെ തന്റെ വീട്ടിലേക്ക് കൂട്ടുകയും അതിനെ പരിചരിക്കുകയും ചെയ്തു. എന്നാൽ, സുഖപ്പെട്ട ശേഷം അത് ആരിഫിന്റെ വീട്ടിലെ താമസക്കാരിൽ ഒരാളായി മാറി.
എന്നാൽ ഇപ്പോൾ വന്യജീവി സംരക്ഷണ നിയമപ്രകാരം ആരിഫിനെതിരെ കേസ് എടുത്തിരിക്കുകയാണ്. 1972 -ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സാരസ കൊക്കുകളെ വ്യക്തികൾക്ക് കൈവശം വയ്ക്കാനോ ഭക്ഷണം നൽകാനോ വളർത്താനോ ഒന്നും തന്നെ അധികാരമില്ല. എന്നാൽ, താൻ ഒരിക്കലും അതിനെ തടങ്കലിൽ വച്ചിട്ടില്ല എന്ന് ആരിഫ് പറയുന്നു. അതിന് എപ്പോൾ വേണമെങ്കിലും കാട്ടിലേക്ക് പറക്കാമായിരുന്നു. മിക്കവാറും അത് രാവിലെ എവിടെ എങ്കിലും പോയിരിക്കാറുണ്ട്. എന്നാൽ, വൈകുന്നേരം ആകുമ്പോൾ അത് തിരികെ വരും തന്റെ കൂടെ ഭക്ഷണം കഴിക്കും. താനായിട്ട് അതിനെ ഒരിക്കലും പിടിച്ചു വച്ചിട്ടില്ല എന്ന് ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച അധികൃതർ ആരിഫിന്റെ വീട്ടിലെത്തി പക്ഷിയെ ആരിഫിനൊപ്പം താമസിക്കാൻ അനുവദിക്കില്ല എന്നും അതിനെ ഹാജരാക്കാൻ വനം വകുപ്പിന്റെ നിർദ്ദേശം ഉണ്ട് എന്നും അറിയിച്ചു. ആരിഫിന് മേലും മാർച്ച് ഒമ്പതിന് വന്യമൃഗ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഏപ്രിൽ രണ്ടിന് 11 മണിക്ക് ഹാജരാകണം എന്നും അറിയിച്ചിരിക്കയാണ്.
‘ഞാനൊരു സാധാരണ കർഷകനാണ്. എനിക്ക് ഈ നിയമങ്ങളെ കുറിച്ചോ ഒന്നും അറിയില്ല. പക്ഷേ, ഞാനൊരിക്കലും ഈ പക്ഷിയെ തടഞ്ഞു വച്ചിട്ടില്ല. ഞാനതിനെ കൂട്ടിലിടുകയോ, കെട്ടിയിടുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ വനം വകുപ്പ് അതിനെ കൊണ്ടുപോയത് മനസിലാക്കാമായിരുന്നു. ഒരിക്കൽ പോലും അതിന്റെ ചലനങ്ങളെ ഞാൻ നിയന്ത്രിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ’ എന്ന് ആരിഫ് ബിബിസിയോട് പറഞ്ഞു.