ചെന്നൈ: ആഡംബരജീവിതം നയിക്കാൻ മോഷണം നടത്തിയ ചെന്നൈ സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ് കുമാരി എന്ന 33 -കാരിയാണ് പിടിയിലായത്. ഇവര്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണെന്ന് അവകാശപ്പെട്ടതായും പൊലീസ് പറയുന്നു. ആളില്ലാത്ത വീട്ടിൽ കയറി പണവും സ്വര്‍ണ ആഭരണങ്ങളും മോഷ്ടിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തനിക്ക് ആഡംബരമായി ജീവിക്കാൻ പണം കണ്ടെത്താനാണ് മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലിൽ യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
താൻ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണെന്നും പ്രശസ്തിക്ക് കോട്ടം തട്ടുന്നതിനാൽ തന്റെ ഫോട്ടോ മാധ്യമങ്ങൾക്ക് നൽകരുതെന്ന് യുവതി ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. മൂന്ന് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയുമായാണ് യുവതി രക്ഷപ്പെട്ടത്. വീട്ടുടമസ്ഥയായ മാലതി തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. ഭർത്താവിനെ വിളിച്ച് പണവും സ്വര്‍ണവും എടുത്തിരുന്നോ എന്ന് അന്വേഷിച്ചുറപ്പിച്ചതോടെ, മോഷണമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ദമ്പതികൾ പീർക്കൻകരനായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ്, പ്രദേശത്തെ മുപ്പതിലധികം സി സി ടി വി ക്യാമറകൾ പരിശോധിച്ചു. ഇവയിലൊന്നിൽ നമ്പർ പ്ലേറ്റില്ലാത്ത ഒരു സ്‌കൂട്ടറിൽ യുവതി എത്തുന്നത് വ്യക്തമായി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം യുവതിയി എത്തുകയായിരുന്നു. പ്രതിയ പിടികൂടാൻ എത്തിയപ്പോൾ, ധാരാളം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരാണ് താനെന്ന് യുവതി പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം യുവതി ഫ്രിഡ്ജിൽ നിന്നെടുത്ത് പൊലീസിന് കൈമാറി. താൻ ആഡംബര ജീവിതം നയിക്കുകയാണെന്ന് റീൽസ് വഴി തന്റെ ഫോളോവേഴ്സിനെ കാണിക്കാനാണ് മോഷണം നടത്തിയതെന്നും യുവതി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ഹാരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.