കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ കാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ ആർ. മനോജിനെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
താമരശ്ശേരി എക്സൈസ് സർക്കിളിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സി ജി സുരേഷ് ബാബു, സി ഇ ഒമാരായ റസൂൺ കുമാർ, ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അതേസമയം, ആലപ്പുഴയില്‍ സ്കൂട്ടറിൽ കടത്തിയ 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കടത്തിയ രണ്ടുപേരെ എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു
പാണാവള്ളി കളത്തിത്തറ വീട്ടിൽ അനിൽകുമാർ (50), അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടിൽ ഗോകുലൻ (53) എന്നിവരെയാണ് കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാണാവള്ളി പള്ളിവെളിയിൽനിന്ന് പിടികൂടിയത്. വിൽപനക്കായുള്ള അരലിറ്റർ വീതമുള്ള 40 കുപ്പി മദ്യമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അളവിൽ കൂടുതൽ മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, മദ്യം കടത്തിയ കേസിൽ ഒന്നാം പ്രതിയായ അനിൽകുമാർ, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ചാരായക്കേസിൽ പിടിയിലാകാനുള്ള പ്രതിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇതേ കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.