കൊൽക്കത്ത: രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിച്ച് അതിനെ ഒരു ദുരന്തത്തിൽ നിന്ന് രക്ഷിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർത്ഥിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽ നടത്തിയ സ്വീകരണ ചടങ്ങിൽ സുവർണ വനിത എന്നാണ് മമത രാഷ്ട്രപതിയെ വിശേഷിപ്പിച്ചത്. വിവിധ സമുദായങ്ങളിൽ നിന്ന് ജാതികളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ള ആളുകൾ കാലങ്ങളായി ഐക്യത്തോടെ കഴിയുകയാണെന്ന പൈതൃകമുള്ള നാടാണ് നമ്മുടേതെന്നും മമത അഭിപ്രായപ്പെട്ടു.
“മാഡം പ്രസിഡന്റ്, താങ്കൾ ഈ രാജ്യത്തിന്റെ ഭരണഘടനാ മേധാവിയാണ്. ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെും സംരക്ഷിക്കാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. ഒരു ദുരന്തത്തിൽ നിന്ന് അതിനെ രക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു.” രാഷ്ട്രപതിക്ക് നൽകിയ പൗരസ്വീകരണത്തിൽ മമതാ ബാനർജി പറഞ്ഞു. രാഷ്ട്രപതിക്ക് ദുർഗാ പ്രതിമയും ചടങ്ങിൽ സമ്മാനിച്ചു.
ത്യാഗവും രക്തസാക്ഷിത്വവും സംസ്‌കാരവും വിദ്യാഭ്യാസവുമാണ് ബംഗാളിന്റെ ജീവിത ആദർശങ്ങളെന്ന് സർക്കാരിനും ജനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. സംസ്കാരസമ്പന്നരും പുരോഗമനചിന്താഗതിക്കാരുമാണ് ബംഗാളിലെ ജനങ്ങൾ. അമരരായ രക്തസാക്ഷികൾക്കും പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കും ജന്മം നൽകിയ മണ്ണാണ് ഇത്. രാഷ്ട്രീയം മുതൽ നിയമസംവിധാനം വരെ, ശാസ്ത്രം മുതൽ തത്വചിന്ത വരെ, ആത്മീയത മുതൽ കായികമേഖല വരെ, സംസ്കാരം മുതൽ ബിസിനസ് വരെ, മാധ്യമപ്രവർത്തനം മുതൽ സാഹിത്യം വരെ, സിനിമ, സംഗീതം, നാടകം, ചിത്രരചന തുടങ്ങി നിരവധി മേഖലകളിൽ ബംഗാളിലെ ജനത അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സാമൂഹ്യ നീതി, സമത്വം, ആത്മാഭിമാനം എന്നിവയ്ക്ക് മുൻഗണന നൽകുന്നവരാണ് ബംഗാളിലെ ജനതയെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഒരു ബിജെപി പ്രതിനിധി പോലും സർക്കാർ രാഷ്ട്രപതിക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായി.