കുട്ടികൾക്ക് നെയ്യ് നൽകുന്നതിൽ പ്രശ്നമുണ്ടോ എന്നതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് സംശയം ഉണ്ടാകാം.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുത്താലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല.
രോഗപ്രതിരോധ ശേഷി കുട്ടികൾക്ക് പൊതുവേ കുറവാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് നെയ്യ്. അണുബാധയിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ നെയ്യ് കഴിക്കുന്നതിലൂടെ കഴിയും. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് എന്ന ഷോർട്ട് ചെയിൻ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കുട്ടികൾക്ക് ഓർമ ശക്തി കൂട്ടാൻ ഏറെ ഗുണകരമാണ് നെയ്യ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം നൽകും. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ബ്രെയിൻ വളർച്ചയും പ്രധാനമാണ്.
എല്ലുകളുടെ വളർച്ചയ്ക്ക് ഏറ്റവും നല്ലൊരു ഭക്ഷണമാണ് നെയ്യ്. കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നൽകുന്നതോടൊപ്പം തന്നെ മസിലുകൾക്ക് കരുത്തും നൽകുന്നു. ഭാരം കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകാം. മറ്റു കൃത്രിമ ഭക്ഷണവസ്തുക്കൾ ഒഴിവാക്കി നെയ്യ് ശീലമാക്കിയാൽ ആരോഗ്യകരമായ രീതിയിൽ കുട്ടികളുടെ ഭാരം വർദ്ധിപ്പിക്കാം.
വീട്ടിൽ തന്നെയുണ്ടാക്കുന്ന നെയ്യ് ആണെങ്കിൽ അവ ‘ഫാറ്റ് സൊല്യുവബിൾ ആസിഡു’കളാലും ആരോഗ്യകരമായ ‘ഫാറ്റി ആസിഡു’കളാലും സമ്പുഷ്ടമായിരിക്കും. നെയ്യിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് ദഹിക്കുന്ന ഒരു നല്ല ഭക്ഷണവസ്തുവാണ് നെയ്യ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ്.