ദില്ലി: ലോക്സഭാംഗത്വം നഷ്ടപ്പെട്ട രാഹുൽഗാന്ധി ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുലിന് പരാമവധി ക്ഷീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ രാഹുൽ അവന്റെ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നൽകുമെന്നും ഖാർഗെ പറഞ്ഞു.
രാഹുലിനെ ഇല്ലാതാക്കാനും ഭീഷണിപ്പെടുത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഞാൻ അപലപിക്കുന്നു. എന്നാലിതൊരു മാർഗമല്ല. ചിലപ്പോൾ വീടില്ലാതെ മൂന്നോ നാലോ മാസമോ കഴിഞ്ഞേക്കാം. എനിക്ക് ആറുമാസം കഴിഞ്ഞാണ് വീട് ലഭിച്ചത്. മറ്റുള്ളവരെ ദ്രോഹിക്കാനാണ് ചിലർ ഇതെല്ലാം ഉപയോഗിക്കുന്നത്.-ഖാർഗെ പറഞ്ഞു. വീടൊഴിഞ്ഞാൽ അവൻ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നൽകുമെന്നും ഖാർഗെ പറയുന്നു.
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയെന്നോണമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യരാക്കപ്പെടും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്നാണ് വ്യവസ്ഥ. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവാണ് ഇപ്പോൾ കോടതി രാഹുൽ ഗാന്ധിക്ക് നല്കിയിരിക്കുന്നത്. ശിക്ഷ മാത്രമാണ് ഇപ്പോൾ വിചാരണ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.