തിരുവനന്തപുരം> സിപിഐ എം വനിതാ നേതാക്കൾക്കെതിരായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സംസ്കാരവും നിലവാരവുമാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.ശരീരാധിക്ഷേപം ചർച്ചയാകുന്ന കാലഘട്ടത്തിലാണ് ഇത്തരം പരാമർശം ഒരു നേതാവിൽ നിന്നുണ്ടാകുന്നത്. സുരേന്ദ്രന്റെ പ്രസ്താവന പരിശോധിക്കേണ്ടത് ബിജെപിയാണ്. മഹിളാ അസോസിയേഷൻ നേതാക്കളടക്കം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിലും സിപിഐ എം വിരോധം കണ്ടെത്താനാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർ ശ്രമിക്കുന്നത്. ബിജെപിക്കെതിരെ നാവുകൊണ്ട് മാത്രം യുദ്ധം ചെയ്യുന്നവരല്ല ഇടതുപക്ഷം.
ബിജെപിക്കെതിരെ താഴേത്തട്ടിൽ ജനങ്ങളെ രാഷ്ട്രീയമായി ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നവരാണ് സിപിഐ എമ്മും ഇടതുപക്ഷവും. ബിജെപി ഉയർത്തുന്ന അപകടം തുറന്നുകാണിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഇത്തരം പ്രസ്താവനകൾകൊണ്ട് സിപിഐ എമ്മിനെ തളർത്താൻ സാധിക്കില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് ശരിയെന്ന് തിരിച്ചറിഞ്ഞ് കൂടുതാലാളുകൾ തങ്ങളോടൊപ്പം ചേരുമെന്നും മന്ത്രി പറഞ്ഞു.