തിരുവനന്തപുരം: മാലിന്യത്തിന്റെ പുനരുപയോഗമെന്ന ആശയം പ്രചരിപ്പിക്കാന്‍ ശാസ്ത്രാവബോധമുള്ള വിദ്യാര്‍ഥികളും അധ്യാപകരും മുന്‍കൈയെടുക്കണമെന്ന് മന്ത്രി എം ബി രാജേഷ്. കാര്‍ഷിക സര്‍വകലാശാലയുടെ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റികളുടെ ഉദ്ഘാടനം വെള്ളായണി കാര്‍ഷിക കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ‘വേസ്റ്റ് ടു വെല്‍ത്ത്’ എന്നതാണ് പുതിയ സങ്കല്‍പ്പം. പാഴ്വസ്തുക്കളുടെ പുനരുപയോഗവും പുനഃചംക്രമണവുമെന്ന ആശയം ലോകത്താകമാനം നടപ്പാക്കിവരികയാണ്. തന്റെ മാലിന്യം സ്വന്തം ഉത്തരവാദിത്വമെന്ന മുദ്രാവാക്യം ജനങ്ങളിലേക്ക് പകരണം.
ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കായും ജനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനുള്ള വീഡിയോ മേക്കിങ് മത്സരത്തിലും എന്‍എസ്എസ് യൂണിറ്റ് നടത്തിയ ക്വിസ് മത്സരത്തിലും വിജയികളായവര്‍ക്ക് മന്ത്രി സമ്മാനം നല്‍കി.കാര്‍ഷിക കോളേജുകളിലെ അജൈവ ഖര മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശാശ്വത പരിഹാരമായാണ് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റികള്‍ ആരംഭിച്ചത്. തദ്ദേശ വകുപ്പിന്റെ കീഴിലുള്ള ക്ലീന്‍ കേരളയാണ് എംസിഎഫ് കെട്ടിടം നിര്‍മിക്കുന്നത്. വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് കാര്‍ഷിക കോളേജുകളിലാണ് ആദ്യഘട്ടത്തില്‍ എംസിഎഫ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്രോതസ്സുകളില്‍ തന്നെ വേര്‍തിരിച്ച പ്ലാസ്റ്റിക് പേപ്പര്‍, ഇ മാലിന്യം എന്നിവ എംസിഎഫില്‍ എത്തിക്കുകയും തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനി സംസ്‌കരണത്തിനായി ശേഖരിക്കുകയും ചെയ്യും.
കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ചന്ദുകൃഷ്ണ അധ്യക്ഷനായി.
പഞ്ചായത്തംഗം ശ്രീജിന്‍, വെള്ളായണി കാര്‍ഷിക കോളേജിലെ ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ.റോയ് സ്റ്റീഫന്‍, കാര്‍ഷിക സര്‍വകലാശാല ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ ഡോ. എ പ്രേമ, ക്ലീന്‍ കേരള കമ്പനി എംഡി ജി കെ സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡീന്‍ ഓഫ് ഫാക്കല്‍റ്റി റോയ് സ്റ്റീഫന്‍ സ്വാഗതവും ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അശ്വതി വിജയന്‍ നന്ദിയും പറഞ്ഞു.