ദില്ലി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും ഹനിക്കുകയാണ് മോദി ഭരണകൂടമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടിക്കെതിരെ പ്രതിഷേധിച്ചാണ് ചെങ്കേട്ടയില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് ദീപം തെളിച്ച് രാത്രി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനായി പൊലീസില്‍ നിന്നും മുന്‍കൂര്‍ അനുമതിയും നേടിയിരുന്നു. ഒരു പ്രകോപനവുമില്ലാതെ സമാധാനപരമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളെയും എംപിമാരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കകയും ചെയ്തു. വനിതാ എംപിമാരടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു. നാല് വശത്ത് നിന്നും പൊലീസിനെ വിന്യസിച്ച് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ച കാരണമെന്താണ് പ്രധാനമന്ത്രി വ്യക്തമാക്കണെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ബനാന റിപ്പബ്ലിക്കിന് സമാനമാണ് ഇന്ത്യയിലെ അവസ്ഥയെന്ന് കെ സി വേണുഗോപാല്‍ വിമർശിച്ചു. ഭരണകൂടത്തിന്‍റെ അനീതികളെയും അഴിമതിയെയും തുറന്ന് കാട്ടിയാല്‍ പാര്‍ലമെന്‍റില്‍ നിശബ്ദമാക്കി അയോഗ്യത കല്‍പ്പിക്കുകയാണ്. ജനാധിപത്യത്തിന്‍റെ ശവക്കുഴി മോദിയും കൂട്ടരും തോണ്ടിയിരിക്കുകയാണ്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മോദിയും ബിജെപിയും വല്ലാതെ ഭയക്കുന്നു. അതിനാലാണ് ഇത്തരം വിലകുറഞ്ഞ പ്രതികാര നടപടികളുമായി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നത്. ഓലപാമ്പിനെ കാട്ടി കോണ്‍ഗ്രസിനെ തളര്‍ത്താമെന്നോ പോരാട്ടത്തില്‍ നിന്നും പിന്തിരിക്കാമെന്നോ മോദിയും കൂട്ടരും കരുതണ്ട. നീതിക്കും സത്യത്തിനും വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഉയര്‍ത്തി വിടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.