കോഴിക്കോട്: കസ്തൂരി മാനില്‍ നിന്ന് ശേഖരിക്കുന്ന കസ്തൂരിയുമായി സംസ്ഥാനത്ത് ഏഴ് പേരെ പിടികൂടി. കോഴിക്കോട്ട് മൂന്ന് പേരാണ് വനം വിജിലന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. നെടുമ്പാശേരിയിൽ നാല് പേർ വനംവകുപ്പിന്റെ പിടിയിലായി.
പന്തീരാങ്കാവ് സ്വദേശി അബ്ദുള്‍ സലാം, തലശേരി പെരിങ്ങത്തൂര്‍ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി മുസ്തഫ എന്നിവരാണ് കോഴിക്കോട് പിടിയിലായത്. വനം വിജിലന്‍സ് വിഭാഗം എപിസിസിഎഫ്‌നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എം.ടി.ഹരിലാലിന്റെ നിര്‍ദ്ദേശത്തില്‍ കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും ഫോറസ്‌ററ് ഇന്റലിജിന്‍സ് വിഭാഗവും താമരശേരി റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് മാവൂര്‍ റോഡില്‍ കോട്ടൂളിയില്‍ ഇവരം പിടികൂബടിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് സഹസികമായി കസ്തൂരി സഹിതം പിടികൂടുകയായിരുന്നു. കസ്തൂരി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ പി. പ്രഭാകരന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എ.എബിന്‍, സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍മാരായ ജഗദീഷ് കുമാര്‍, എം.വബീഷ്, ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ എ.ആസിഫ്, സി.മുഹമ്മദ് അസ്ലം, ശ്രീലേഷ് കുമാര്‍, കെ.വി.ശ്രീനാഥ്, ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
എറണാകുളം നെടുമ്പാശ്ശേരിയിൽ 20 ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരിയുമായാണ് നാല് പേർ പിടിയിലായത്. ഇടനിലക്കാർ വഴി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാലുപേരെ വനംവകുപ്പ് പിടികൂടിയത്. ചെങ്ങമനാട് പുത്തൻതോട് ഭാഗത്തെ വീട്ടിൽ വച്ചായിരുന്ന നാലുപേരെ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയത്. വംശനാശ ഭീഷണിയുള്ള കസ്തൂരി മാനിൽ നിന്നെടുത്ത കസ്തൂരിയാണ് വിൽപ്പനക്കായി എത്തിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് 20 പേരടങ്ങുന്ന വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പരിശോധനക്കെത്തിയത്. കസ്തൂരി വാങ്ങുന്നതിനും, വിൽക്കുന്നതിനും എത്തിയവരോടൊപ്പം ഇടനിലക്കാരനും അറസ്റ്റിലായവരിലുണ്ട്. വിനോദ്, സുൽഫി, ശിവജി, അബൂബക്കർ എന്നിവരെയാണ് കസ്തൂരിയുമായി പിടിയിലായത്.
വന്യ ജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു വരുന്ന മൃഗമാണ് കസ്തൂരി മാന്‍. ഇതിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്. ഇത് മൂന്ന് വര്‍ഷം മുതല്‍ 8 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. കസ്തൂരിമാനിന്‍റെ സുഗന്ധം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് കസ്തൂരി എന്നറിയപ്പെടുന്നത്. പ്രായ പൂർത്തിയായ ആണ്‍ ആടിന്‍റെ വയറിന്‍റെ ഭാഗത്താണ് ഈ ഗ്രന്ധി കാണപ്പെടുന്നത്. ഇണയെ ആകർഷിക്കാനാണ് ആണ്‍ ആടുകൾ ഗന്ധം ഉത്പാദിപ്പിക്കുന്നത്. സുഗന്ധദ്രവ്യ നിർമാണത്തിലെ ഏറ്റവും വിലപിടിപ്പുള്ള അസംസ്കൃത വസ്തുവായിട്ടാണ് കസ്തൂരിയെ കണക്കാക്കുന്നത്.