ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി സൗദി താൽക്കാലികമായി നിർത്തിവെച്ചു. ഇറക്കുമതി ചെയ്യുന്ന സമുദ്രോൽപന്നങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ച ശേഷം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അഭ്യർഥിച്ചതനുസരിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് തീരുമാനമെടുത്തത്. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യം സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനം. രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ ഈ വൈറസ് ഇല്ലെന്ന് ഇന്ത്യ ഉറപ്പ് നൽകുന്നതുവരെയും വൈറസ് സൗദിയുടെ മത്സ്യബന്ധന മേഖലയിലേക്ക് പകരുന്നില്ലെന്ന് ഉറപ്പാക്കുന്നത് വരെയും ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അതോറിറ്റി അറിയിച്ചു.