തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. ഗോഡൗൺ കെട്ടിടം പണിയുന്നതിനും, കെട്ടിട നിർമാണ അനുമതി നൽകുന്നതിനുമായി 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം, പായിപ്ര ഗ്രാമപഞ്ചായത്ത് ഓവർസിയർ സൂരജിനെയാണ് ഇന്ന് വിജിലൻസ് പിടികൂടിയത്.എറണാകുളം പായിപ്ര സ്വദേശിയായ പരാതിക്കാരനിൽനിന്നും നേരത്തെ 5,000 കൈകൂലി വാങ്ങിയിരുന്നു. തുടർന്ന് പരാതിക്കാരൻ ബന്ധുവഴി പെർമിറ്റിന്റെ വിവരം അന്വേഷിച്ചപ്പോൾ കെട്ടിടനാർമാണാനുമതി നൽകണമെങ്കിൽ 5,000 രൂപ കൂടി കൈക്കൂലിയായി നൽകണമെന്ന് ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈ വിവരം വിജിലൻസ് മധ്യമേഖല പൊലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് എറണാകുളം യൂനിറ്റ് ഡി.വൈ.എസ്.പി ബാബുക്കുട്ടടന്റ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് വൈകീട്ട് നാലോടെ പായിപ്ര പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിൽ വെച്ച് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ സൂരജിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത സൂരജിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.