മീററ്റ്: ഉത്തർപ്രദേശിലെ ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. മീററ്റിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സമീപത്തെ അഴുക്ക് ചാലിലൂടെ തുരങ്കം നിർമിച്ചാണ് മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചത്. 10അടി നീളമുള്ള തുരങ്കമാണ് മോഷ്ടാക്കൾ നിർമിച്ചത്.ചൊവ്വാഴ്ച രാവിലെ കടയുടമ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. മോഷ്ടാക്കൾ ജ്വല്ലറിയേയും അഴുക്കുചാലിനെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്കം ഉണ്ടാക്കിയതെന്നും ഇതിനായി അഴുക്കുചാലിൽ നിന്നും ഇഷ്ടികയും ചളിയും നീക്കം ചെയ്തതായും പൊലീസ് പറഞ്ഞു.നഗരത്തിലെ സമാന രീതിയിലുള്ള നാലാമത്തെ കവർച്ചയാണിത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.