യു.പി.ഐ ഇനി സൗജന്യമല്ലെന്നും ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടുള്ള വാർത്തയോ വാട്ട്‌സ്ആപ്പ് ഫോർവേഡോ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ..? വിഷമിക്കേണ്ട, അതെല്ലാം തന്നെ വ്യാജമാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ യു.പി.ഐക്ക് ചാർജ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയുള്ള ഒരു പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ട്രാൻസാക്ഷൻ നടത്തുന്നവർക്ക് ചാർജ് ഈടാക്കപ്പെടുമെന്ന തരത്തിലായിരുന്നു സന്ദേശങ്ങൾ പ്രചരിച്ചത്. എന്നാൽ, പിപിഐ മർച്ചന്റ് ഇടപാടുകൾക്ക് മാത്രമാണ് ചാർജ് ബാധകമാകുന്നത്. പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്.
പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്സ് (PPI) വഴിയുള്ള യു.പി.ഐ ഇടപാടുകൾക്കാണ് 2023 ഏപ്രിൽ ഒന്ന് മുതൽ 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ഈടാക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകൾക്കും ഫീസ് ഈടാക്കും. എന്നാൽ ഇത് സാധാരണ ഉപഭോക്താക്കൾക്ക് ബാധകമല്ല. അതായത്, വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല.ട്രാൻസാക്ഷന് പണം ഈടാക്കും എന്ന വാർത്ത പരന്നതോടെ പേടിഎമ്മും വിശദീകരണവുമായി എത്തിയിരുന്നു.ബാങ്ക് അക്കൗണ്ടിൽ നിന്നോ വാലറ്റിൽ നിന്നോ യു.പി.ഐ പേയ്‌മെന്റുകൾ നടത്തുന്നത് തികച്ചും സൗജന്യമാണെന്ന് അവർ അറിയിച്ചു.