തിരുവനന്തപുരം : പതിനൊന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കെ.എസ്.ആര്.ടി.സി.യില്‍ പുതിയ ശമ്പളക്കരാര്‍ ഒപ്പുവെച്ചു. കുറഞ്ഞ അടിസ്ഥാനശമ്പളം 23,000 രൂപയും കൂടിയത് 1,05,300 രൂപയുമായിരിക്കും. ശരാശരി വര്‍ധന 6750 രൂപ. 2021 ജൂണില്‍ ലഭിച്ചതിനെ അപേക്ഷിച്ച് 4700 രൂപ മുതല്‍ 16,000 രൂപയാണ് ജീവനക്കാര്‍ക്ക് കൂടുതലായി ലഭിക്കുക. പതിനൊന്നാം ശമ്പളക്കമ്മിഷന്‍ മാതൃകയില്‍ മാസ്റ്റര്‍ സ്കെയിലും നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ കരാറിന്റെ കാലാവധി 2016-ല്‍ അവസാനിച്ചിരുന്നു. സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് പുതിയ കരാര്‍ അംഗീകരിച്ചത്. മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കെ.എസ്.ആര്.ടി.സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറും ജീവനക്കാരുടെ മൂന്ന് സംഘടനാപ്രതിനിധികളുമാണ് കരാറില്‍ ഒപ്പുവെച്ചത്. 2021 ജൂണ്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് പുതിയ കരാര്‍. ജനുവരിയിലെ ശമ്പളം മുതല്‍ ജീവനക്കാര്‍ക്ക് പുതിയ ആനുകൂല്യം ലഭ്യമാകും. ധനകാര്യവകുപ്പും സഹകരണവകുപ്പുമായി ആലോചിച്ച് പെന്ഷന് പരിഷ്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിച്ച് കരാറിന്റെ ഭാഗമാക്കും.
പ്രതിമാസം 20 ഡ്യൂട്ടിയെങ്കിലും ചെയ്യുന്ന ഡ്രൈവര്‍ക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20-ല്‍ അധികം ചെയ്യുന്നവര്‍ക്ക് ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും കണക്കാക്കി അധികബത്ത.
വനിതാജീവനക്കാര്‍ക്ക് നിലവിലെ പ്രസവാവധിക്ക് (180 ദിവസം) പുറമേ ഒരുവര്‍ഷത്തേക്ക് വേതനമില്ലാത്ത അവധി. ഈ അവധി കാലയളവ് സ്ഥാനക്കയറ്റം, ഇന്‍ക്രിമെന്റ്, പെന്ഷന് എന്നിവയ്ക്ക് പരിഗണിക്കും. ഇത് വിനിയോഗിക്കുന്നവര്ക്ക് പ്രതിമാസം 5,000 രൂപ ചൈല്‍ഡ് കെയര്‍ അലവന്‍സ്. ജോലിക്കിടെ ജീവനക്കാര്‍ അപകടത്തില്‍ മരിച്ചാല്‍ മരണാനന്തരച്ചെലവിന് 50,000 രൂപ. (നിലവില്‍ ഇത് 10,000 രൂപ). ജോലിക്കിടയിലല്ലാതെ സംഭവിക്കുന്ന മരണത്തിന് മരണാനന്തരച്ചെലവായി 5000 രൂപ. (നിലവില്‍ ഇത് 2000 രൂപ). രണ്ടും ബാധ്യതയായി കണക്കാക്കില്ല.ലയന ഡി.എ. നിലവിലെ അടിസ്ഥാനശമ്പളത്തോടൊപ്പം 137 ശതമാനം. പരിഷ്കരിച്ച അടിസ്ഥാനശമ്പളത്തിന്റെ നാലുശതമാനം എന്ന നിരക്കില്‍ കുറഞ്ഞത് 1,200 രൂപയും പരമാവധി 5,000 രൂപയും വീട്ടുവാടക ബത്ത.
പ്രതിമാസം വീട്ടുവാടക അലവന്‍സ്. ഫിറ്റ്മെന്റ് സര്‍ക്കാരില്‍ നിശ്ചയിച്ചതുപോലെ പത്തു ശതമാനം. ഡി.സി.ആര്.ജി. നിലവിലെ ഏഴുലക്ഷത്തില്‍നിന്ന് പത്തുലക്ഷം രൂപയാക്കും. കമ്യൂട്ടേഷന് 20 ശതമാനം തുടരും. ഒഴിവുകളുടെ അടിസ്ഥാനത്തില്‍ പ്രൊമോഷന്. ഒരുവര്‍ഷത്തെ പൊതു അവധികള്‍ നാല് ദേശീയ അവധികളും പതിനൊന്ന് സംസ്ഥാന അവധികളും ഉള്‍പ്പെടെ ആകെ പതിനഞ്ച് എണ്ണം. ഒരു ജീവനക്കാരന് നല്കാവുന്ന നിയന്ത്രിത അവധി നാലെണ്ണവും പ്രാദേശിക അവധി ഒരെണ്ണവുമാക്കും.