ലണ്ടന്‍ : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നൂറിലേറെപ്പേരെവെച്ച് പാര്‍ട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമേല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദമേറുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മെര്‍, സ്‌കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ്സ് തുടങ്ങിയവര്‍ ജോണ്‍സന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗികവസതിയില്‍ പാര്‍ട്ടി നടത്തിയതിന് ബുധനാഴ്ച ജനപ്രതിനിധിസഭയില്‍ അദ്ദേഹം മാപ്പുചോദിച്ചിരുന്നു. എന്നാല്‍ തെറ്റുചെയ്തിട്ടില്ലെന്നും മഹാമാരിക്കാലത്ത് കഠിനപ്രയത്‌നം നടത്തിയവര്‍ക്ക് നന്ദിയറിയിക്കാനാണ് പാര്‍ട്ടി നടത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം നിലവില്‍ മന്ത്രിമാരുടെ പൂര്‍ണപിന്തുണ ജോണ്‍സണുണ്ട്. രാജിയാവശ്യപ്പെടുന്നവരോട് അന്വേഷണം പൂര്‍ത്തിയാവുംവരെ കാത്തിരിക്കാനാണ് മന്ത്രിമാരുടെ പ്രതികരണം.
ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞാല്‍ ആരാവും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഇന്ത്യന്‍ വംശജരടക്കമുള്ളവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.