തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൊലക്കേസിലടക്കം പ്രതിയായ പറട്ട അരുൺ (37) ആണ് നാലാം തവണയും ഗുണ്ടാ നിയമ പ്രകാരം പൊലീസിന്‍റെ പിടിയിലായത്. പുത്തന്‍പാലം വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയാണ് അരുണ്‍. കണ്ണമ്മൂല വാർഡിൽ വയൽ നികത്തിയ വീട്ടിൽ താമസിക്കുന്ന അരുണിനെ സാഗോക്ക് ടീമിന്റെ സഹായത്തോടെയാണ് പേട്ട പൊലീസ് അറസ്റ്റു ചെയ്തത്.
ഇയാൾ നാലാം തവണയാണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്നത്. അരുണിനെതിരെ പേട്ട, മെഡിക്കൽ കോളേജ്, വഞ്ചിയൂർ, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്.
പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയായി അരുണ്‍ നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ടതോടെയാണ് പൊലീസ് ഇയാളെ നോട്ടമിട്ടത്. നിരവധി കേസുകളിൽ പ്രതിയായി പൊലീസിന് തലവേദനയായതോടെ സിറ്റി പൊലീസ് നൽകിയ ശുപാർശ പ്രകാരം ജില്ലാ കളക്ടർ ഇയാളെ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ അറസ്റ്റിലാവുന്നത്.