പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെരുന്പാവൂര്‍ സ്വദേശികളായ ബിജു, അബിന്‍ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട അന്‍സിനോടുണ്ടായിരുന്ന വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂര്‍ കീഴില്ലത്തെ പെട്രോള്‍ പമ്പ് ജീവനക്കാരാണ് അറസ്റ്റിലായ ബിജുവും അബിന്‍ ബെന്നിയും. ഇരുവരെയും വീടുകളില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിയായ അല്‍സിലിനെ പ്രതികള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അല്‍സില്‍ ഏതാനും ദിവസം മുന്പ് പ്രതികള്‍ ജോലി ചെയ്തിരുന്ന പെട്രോള്‍ പന്പിലെത്തി ഒരു വാഹനം കച്ചവടം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കച്ചവടത്തെ ചൊല്ലിയുള്ള സംസാരം പിന്നീട് തര്‍ക്കത്തിലേക്കെത്തി. ഒടുക്കം അല്‍സിലും ബിജുവും തമ്മില്‍ ഉന്തും തള്ളുമായി. ഇതിലെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി ബിജു പോലീസിനോട് സമ്മതിച്ചു.
കൊല നടന്ന ബുധനാഴ്ച പമ്പിൽ നിന്ന് അവധിയെടുത്ത ബിജു രാത്രി സുഹൃത്തായ അബിനെയും കൂട്ടി അന്‍സിലിന്റെ വീട്ടിലെത്തി വിളിച്ചറക്കി കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. അന്‍സിലിന്റെ തലയിലും കഴുത്തിലും വയറിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കൃത്യത്തിന് ശേഷം കുറുപ്പംപടിയിലെ വീട്ടിലെത്തിയ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനൊടുവില്‍ കൂട്ടുപ്രതി അബിനെയും പോലീസ് വീട്ടില്‍ നിന്ന് പിടികൂടി. പ്രതികളെ കുറുപ്പംപടി പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.