വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയ്ക്ക് പിന്നാലെ ചികിത്സാ സഹായം തേടിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചുമതലകള്‍ കര്‍ദ്ദിനാളുമാര്‍ നിര്‍വ്വഹിക്കുമെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 86കാരനായ മാര്‍പ്പാപ്പയ്ക്ക് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ ഞായര്‍ വരെ നീളുന്ന വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാന്‍ വക്താവ് ഇറ്റാലിയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.ഈസ്റ്റര്‍ ദിനത്തില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുത്തേക്കുമെന്നും എന്നാല്‍ ചടങ്ങുകളെ നയിച്ചേക്കില്ലെന്നാണ് കോളേജ് ഓഫ് കര്‍ദിനാള്‍ ഡീന്‍ പദവി വഹിക്കുന്ന കര്‍ദിനാള്‍ ബാറ്റിസ്റ്റ റേ വിശദമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങള്‍ മുട്ട് വേദന മൂലം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരുന്നില്ല നയിച്ചിരുന്നത്. എന്നാല്‍ മാര്‍പ്പാപ്പ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ബുധനാഴ്ച രാത്രി ആശുപത്രിയില് പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൃത്യമായി വിശ്രമിച്ചുവെന്നാണ് രോഗാവസ്ഥയേക്കുറിച്ച് വത്തിക്കാന്‍ വിശദമാക്കുന്നത്.
ശ്വാസകോശത്തിലെ അണുബാധയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വലയ്ക്കുന്നത്. വ്യാഴാഴ്ച പ്രഭാത ഭക്ഷണം കഴിച്ച ശേഷം മാര്‍പ്പാപ്പ പത്ര വായിച്ചുവെന്നും വത്തിക്കാന്‍ വക്താവ് വിശദമാക്കി. ബുധനാഴ്ച മാര്‍പ്പാപ്പ വിശ്വാസികളെ കാണാനായി പോപ്പ് മൊബൈലില്‍ കയറുമ്പോള്‍ തന്നെ ക്ഷീണിതനായാണ് കാണപ്പെട്ടത്. പെട്ടന്ന് രോഗമുക്തി നേടാനുള്ള ആശംസാ പ്രവാഹമാണ് മാര്‍പ്പാപ്പയ്ക്ക് ലഭിക്കുന്നതെന്നും വത്തിക്കാന്‍ വക്താവ് വിശദമാക്കി.
മുട്ടിനുണ്ടായ പരിക്ക് മൂലം വീല്‍ചെയര്‍ ഉപയോഗിക്കാന്‍ മാര്‍പ്പാപ്പ നിര്‍ബന്ധിതനായിരുന്നു. ഡിസംബര്‍ മാസത്തില്‍ ആരോഗ്യ കാരണങ്ങളാല്‍ ജോലി ചെയ്യാനാവാത്ത സാഹചര്യമുണ്ടായാല്‍ രാജിക്കത്ത് ഒപ്പിട്ട് തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വെളിപ്പെടുത്തിയിരുന്നു. കത്തോലിക്കാ സഭയെ നയിക്കുന്നതിനുള്ള മാനസിക ശക്തിയും നഷ്ടമായാല്‍ രാജി വയ്ക്കുമെന്ന സൂചനയായിരുന്നു മാര്‍പ്പാപ്പ നല്‍കിയത്. 2021 ജൂലൈ മാസം 10 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇത് ആദ്യമായാണ് മാര്‍പ്പാപ്പ ചികിത്സാ സഹായം തേടുന്നത്.