ചൈന ജനസംഖ്യ കുറയുന്നു എന്ന ആശങ്കയെ തുടർന്ന് ഇപ്പോൾ ദമ്പതികളെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ, 1980- 2015 കാലഘട്ടത്തിൽ ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടി രാജ്യം ഒറ്റക്കുട്ടി നയമാണ് നടപ്പിലാക്കിയിരുന്നത്. അന്ന് ഒന്നിൽ കൂടുതൽ കുട്ടികളുണ്ടായ ദമ്പതികൾക്ക് തങ്ങളുടെ കുട്ടിയെ ഉപേക്ഷിക്കേണ്ടുന്ന അവസ്ഥ വരേയും ഉണ്ടായിരുന്നു. അന്ന് ഒരമ്മ എഴുതിയ ഡയറിക്കുറിപ്പ് ഇപ്പോൾ പങ്ക് വച്ചിരിക്കുകയാണ് അവരുടെ മകൾ. സാമൂഹിക മാധ്യമങ്ങളിലാണ് ഡയറിയുടെ പേജ് പങ്ക് വച്ചിരിക്കുന്നത്.
30 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഡയറിയിൽ തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിയെ പിരിയേണ്ടി വന്നതിലുള്ള വേദനയാണ് പകർത്തപ്പെട്ടിരിക്കുന്നത്. ചിത്രം ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന യുവതി പറയുന്നത് ഒറ്റക്കുട്ടി നയം കാരണം തന്റെ അമ്മയ്‍ക്ക് അവരുടെ ഒരു മകളെ അവളുടെ മുത്തശ്ശിയുടെ വീട്ടിലേക്ക് അയക്കേണ്ടി വന്നു എന്നാണ്. അന്നൊന്നും തനിക്ക് തന്റെ അമ്മ കടന്നു പോകുന്നത് എന്തിൽ കൂടിയാണ് എന്ന് മനസിലാക്കാൻ പൂർണമായും സാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ താൻ ഒരമ്മയാണ്. ഒരമ്മ എന്ന നിലയിൽ ആ വേദന തനിക്ക് മനസിലാവും. അത് തന്നെ കണ്ണീരണിയിക്കുന്നു എന്നാണ് അവർ എഴുതുന്നത്.
this diary entry was written by my mom, 34 years ago, on the day when she sent her 2-month-old daughter (my sister) away to my grandma's bc of one child policy.
I never fully understood the scale of heartbreak until I became a mom myself. I will never not cry reading it. pic.twitter.com/OS3dY2tl6X— Chenchen Zhang 🤦🏻♀️ (@chenchenzh) March 28, 2023
ഡയറി എഴുതിയിരിക്കുന്നത് ചൈനീസ് ഭാഷയിലാണ്. യുവതി പറയുന്നത് അനുസരിച്ച് അതിൽ എഴുതിയിരിക്കുന്നത് തന്റെ കുഞ്ഞിനെ മറ്റൊരു വീട്ടിലേക്ക് യാത്ര അയക്കുന്നതിന് മുമ്പായി അവസാനമായി അവളെ മുലയൂട്ടിയതിനെ കുറിച്ചും അമ്മ എഴുതിയിരിക്കുന്നു എന്നാണ്. കുട്ടിക്ക് ഇതൊന്നും മനസിലാക്കാനുള്ള പ്രായമായിരുന്നില്ല എങ്കിലും അവൾ അസ്വസ്ഥയായതിനെ കുറിച്ചും ഡയറിയിൽ പറയുന്നുണ്ട്.
പിന്നീട്, ആ കുഞ്ഞിന് അഞ്ചോ ആറോ വയസായപ്പോൾ അവൾ തിരികെ തങ്ങളുടെ അടുത്തേക്ക് തന്നെ വന്നു. എന്നാൽ, അന്ന് അവളെ പിരിയുമ്പോൾ അമ്മ എത്രമാത്രം വേദനിച്ചു എന്ന് തനിക്ക് മനസിലാവും എന്നും മകൾ പറയുന്നു. 2016 -ൽ ചൈന ഒറ്റക്കുട്ടി നയം നിർത്തലാക്കി.