തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെയും ഭാര്യാ പിതാവിനെയും സർക്കാർ ജീവനക്കാരൻ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് പൊലീസ്. ഹയർസെക്കൻഡറി അധ്യാപികയായ മുംതാസ്, അമ്മ സഹീറ എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അലി അക്ബറിന്റെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. പരിചയക്കാർക്ക് ജാമ്യം നിന്നും പണം കടം കൊടുത്തത് തിരിച്ചുകിട്ടാത്തതുമാണ് ഇയാൾക്ക് വിനയായത്.
ജാമ്യം നിന്ന പലരും ഇയാളെ വഞ്ചിച്ചു. അതോടെ ഇയാൾ വലിയ കടക്കാരനായെന്നും പൊലീസ് പറയുന്നു. ജാമ്യം വാങ്ങിയവര്‍ തിരിച്ചടവ് മുടക്കിയതോടെ ഇയാളുടെ ശമ്പളത്തില്‍ പണം പിടിക്കാന്‍ തുടങ്ങി. അടുത്ത മാസം വിരമിക്കാനിരിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെയും ഇത് ബാധിക്കും. അതിന് പുറമെ സഹപ്രവർത്തകരിൽ നിന്നും ഇയാൾ പണം കടം വാങ്ങിയിരുന്നു. കടബാധ്യത തീർക്കാനായി വീടും സ്ഥലവും വിൽക്കാൻ ഇയാൾ നിർദേശിച്ചു. എന്നാൽ, ഈ ആവശ്യം മുംതാസും സഹീറയും എതിർത്തതോടെ അലി അക്ബറിന് ഇവരോട് പകയായി. ഇതോടൊപ്പം ദാമ്പത്യ ജീവിതത്തിലെ അസ്വരാസ്യങ്ങളും കൊലയിലേക്ക് നയിച്ചു. ഭാര്യ ഇയാൾക്കെതിരെ കുടുംബകോടതിയിൽ പരാതി നൽകിയിരുന്നു. അന്തർമുഖനായിരുന്നു അലി അക്ബറെന്നും നാട്ടുകാർ പറയുന്നു. അധികമാരോടും ഇടപഴകില്ല. ജോലി കഴിഞ്ഞാൽ ഏറെ സമയവും വീട്ടിനുള്ളിൽ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ദുരൂഹത നിറഞ്ഞ സ്വഭാവമായിരുന്നു ഇയാൾക്കെന്നും നാട്ടുകാർ പറയുന്നു.