തിരുവനന്തപുരം: കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയെ ചേസ് ചെയ്ത് പൊലീസ്. സാഹസികമായി പിന്തുടർന്ന് പ്രതിയെ പിടിക്കാൻ ശ്രമിച്ച പൊലീസിനെ കാറുകൊണ്ട് ഇടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു. കാറിടിച്ച് സാരമായി പരിക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സനൽ കുമാറിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവിരലിന് ഗുരുതരമായി പൊട്ടലേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബുധനാഴ്ച രാത്രി എട്ടു മണിയോടെ വിഴിഞ്ഞം ചൊവ്വര ജംഗ്ഷനിലായിരുന്നു സംഭവം.
ഒരു വർഷം മുമ്പ് പുല്ലുവിള സ്വദേശിയായ ടെന്നു എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായ അടിമലത്തുറ സ്വദേശി അജയ് (26) എന്ന പ്രതിയെ പിടികൂടാൻ കാഞ്ഞിരംകുളം എസ്.ഐ. ഉൾപ്പെട്ട സംഘം ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടത്. പ്രതി സ്ഥലത്തുണ്ടെന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം മുതൽ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് സംഘം മഫ്ടിയിലും യൂണിഫോമിലുമായി കാറിൽ സഞ്ചരിച്ച പ്രതിയെ പിന്തുടരുകയായിരുന്നു.
കോവളം കഴിഞ്ഞ് അടിമലത്തുറയിലേക്കാണ് പ്രതി പോകുന്നതെന്ന് മനസിലാക്കിയ പൊലീസ് അടിമലത്തുറയിലേക്ക് പോകുന്ന റോഡിൽ സ്വകാര്യ കാർ കുറുകെയിട്ട് മാർഗ്ഗ തടസം സൃഷ്ടിച്ച് കാത്തിരുന്നു. ഇതിനിടെ ചൊവ്വര ജംഗഷനിൽ മഫ്ടിയിൽ ബൈക്കിൽ കാത്ത് നിന്ന പൊലീസുകാരായ സനൽകുമാറും സഹപ്രവർത്തകനായ ഷരണും പ്രതി സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിമലത്തുറ റോഡിലേക്ക് ഓടിച്ച് പോയ പ്രതിയുടെ കാറിന് മാർഗ്ഗ തടസം സൃഷ്ടിച്ച് മറ്റൊരു വാഹനം ഇട്ടു. പൊലീസ് നിർത്തിയിട്ടിരുന്ന സ്വകാര്യ കാർ കാരണം പ്രതിക്ക് മുന്നോട്ട് പോകാനായില്ല. ഇതിനിടയിൽ പുറകെയെത്തിയ സനൽ കുമാറും ഷരണും പ്രതിയുടെ കാറിന് പുറകിൽ ബൈക്ക് വച്ചശേഷം ഡോർ തുറന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി അവരെ പിന്നിലേക്ക് തള്ളിയിട്ടു.
ശേഷം അജയ് കാർ വേഗത്തിൽ പുറകോട്ടെടുത്ത് പുറകിലുണ്ടായിരുന്ന ബൈക്കിനെ മുപ്പത് മീറ്ററോളം ദൂരം റോഡിലൂടെ പിന്നിലേക്ക് വലിച്ച് കൊണ്ട് പോയി. പുറകോട്ടെടുത്ത കാറിനടിയില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട സനൽ കുമാറിന്റെ വലതു കൈവിരലിലെ എല്ല് വാഹനമിടിച്ച് പൊട്ടി. സഹപ്രവർത്തകൻ ഷരണും നേരിയ പരിക്കേറ്റു .വിവരമറിഞ്ഞ് മറ്റ് സ്ഥലങ്ങളിൽ കാത്ത് നിന്ന കൂടുതൽ പൊലീസ് എത്തുന്നതിനിടയിൽ പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവ ശേഷം മൊബൈല്‍ ടവർ ലൊക്കേഷൻ നോക്കി രാത്രിയിൽ പൊലീസ് നടത്തിയ പരിശോധനയിലും പ്രതിയെ കണ്ടെത്താനായില്ല. ഇന്നലെ വൈകുന്നേരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിഴിഞ്ഞം പൊലീസ് പരിക്കേറ്റ സനൽ കുമാറിന്റെ മൊഴിയെടുത്തു. ബാംഗ്ലൂരുമായി ബന്ധമുള്ള കഞ്ചാവ്, മയക്കു മരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അജയ് എന്നും പ്രതിക്കെതിരെ പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.