കോഴിക്കോട്: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്ത വിധി വരുന്നതിന് മുമ്പ് വിത്തും വേരും കിളക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ലോകായുക്ത വിധി വന്നാലേ എന്തെങ്കിലും പറയാനാകൂവെന്നും വിധി വന്നാൽ നിയമപരമായി മുന്നോട്ട് പോവുമെന്നും എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.
കേസിൽ ലോകയുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലോകായുക്തയ്ക്ക് മുൻപിൽ ഉള്ളത് സത്യസന്ധമായ കേസാണ്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാൻ കഴിയില്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനാണ്. അതിൽ നിന്ന് രക്ഷപെടാനാണ് ഭേദഗതി കൊണ്ടുവന്നത്. മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും രക്ഷപെടാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.