ചേർത്തല: ചേർത്തല നഗരത്തിൽ ബേക്കറിയിൽ തീപിടിത്തം. ദേവീക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3.30യോടെയാണ് തിപിടിത്തം ശ്രദ്ധയിൽപെട്ടത്. പത്ര ഏജന്‍റുമാർ ആണ് ആദ്യം തീ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടർന്ന് ബേക്കറി ഉടമ ദിനുമോനും നാട്ടുകാരും സ്ഥലത്തെത്തി, പിന്നാലെ അഗ്നിശമനസേനയുമെത്തി തീയണച്ചു.
കടക്കുളളിലെ 90 ശതമാനം ഉപകരണങ്ങളും സമാഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് ചേർത്തല പോലീസിൽ ഉടമ ദിനുമോൻ പരാതി നൽകിയിട്ടുണ്ട്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതിനിടെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ ഓടുന്ന ബൈക്കിന് തീ പിടിച്ചു. കാക്കനാട് നിന്നും ചാലക്കുടിക്ക് പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് കത്തി നശിച്ചത്. പുക കണ്ടതിനേതുടർന്ന് യുവാവ് ബൈക്ക് നിർത്തി ചാടിയിറങ്ങിയതിനാൽ വലിയ അപകടമൊഴിവായി. ഫയർഫോഴ്സെത്തി തീ അണച്ചു. യുവാവിന് കാര്യമായ പരിക്കുകളില്ല.