ദില്ലി: സിദ്ദിഖ് കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി മാറ്റി. ഏപ്രിൽ 11 ലേക്കാണ് ലഖ്നൗ എൻ.ഐ.എ കോടതി മാറ്റിയത്. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പൻ്റെ ആവശ്യം. 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമായിരുന്നു മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
റിപ്പോർട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ദില്ലിയിൽ തങ്ങുകയായിരുന്നു. ആറ് ആഴ്ചക്ക് ശേഷമണ് കേരളത്തിലേക്ക് സിദ്ദീഖ് കാപ്പൻ മടങ്ങിയെത്തിയത്.
ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകുന്നത്.