റിയാദ്: സൗദി അറേബ്യയിലെങ്ങും മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും ഈദുൽ ഫിത്ർ നമസ്കാരം നിർവഹിക്കേണ്ട സമയം നിർണയിച്ചു. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും ഉമ്മുൽഖുറാ കലണ്ടർ പ്രകാരം സൂര്യോദയത്തിനു ശേഷം കാൽ മണിക്കൂറിനു ശേഷമാണ് പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും മറ്റും പൂർത്തിയാക്കി പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.