തിരുവനന്തപുരം: ശമ്പള കുടിശ്ശിക വിതരണം അനിശ്ചിതമായി നീട്ടിയതിനു പിന്നാലെ, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 23-24ലെ ലീവ് സറണ്ടർ അനുവദിക്കുന്നതും നീട്ടി. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് തലേ ദിവസമാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രയാസത്തിന്‍റെ സാഹചര്യത്തിലാണ് ലീവ് സറണ്ടർ നീട്ടിയതെന്ന് ഉത്തരവിൽ പറയുന്നു.
ജൂൺ 30 വരെ നീട്ടിയാണ് ഉത്തരവ്. കഴിഞ്ഞ വർഷത്തെ ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിച്ചിരുന്നു. ഇത് നാലുവർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. എല്ലാ കാറ്റഗറിയിലെയും ജീവനക്കാർക്കും അധ്യാപകർക്കും ഇത് ബാധകമാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, പാർടൈം കണ്ടിൻജന്‍റ് ജീവനക്കാർ, മുനിസിപ്പൽ കണ്ടിൻജന്‍റ് ജീവനക്കാർ, ഓഫിസ് അറ്റൻഡന്‍റ്, മുഖ്യമന്ത്രി-മന്ത്രിമാർ-പ്രതിപക്ഷ നേതാവ്-ചീഫ് വിപ്പ് എന്നിവരുടെ പേഴ്സനൽ സ്റ്റാഫിലെ അറ്റൻഡന്‍റുമാർ എന്നിവർക്കാണ് ഇളവുള്ളത്. സർക്കാർ, സർക്കാർ നിയന്ത്രിതം, സ്വയംഭരണം, തദ്ദേശം, എയ്ഡഡ്, പൊതുമേഖല സ്ഥാപനങ്ങൾക്കെല്ലാം ഉത്തരവ് ബാധകമാണ്.
ആർജിത അവധിയുടെ ടേർമിനൽ സറണ്ടറിന് നിയന്ത്രണമില്ല. നിയന്ത്രണം നടപ്പാക്കാൻ സ്പാർക്കിൽ ആവശ്യമായ മാറ്റത്തിന് ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്നും ധന അഡീഷനൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം നീട്ടിയ ഘട്ടത്തിൽ തന്നെ ലീവ് സറണ്ടർ അനുവദിക്കുന്നതും നീട്ടുമെന്ന് വ്യക്തമായിരുന്നു. പുതിയ സാമ്പത്തിക വർഷവും സർക്കാറിന് രൂക്ഷ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായാണ് ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും നൽകുന്നത് നിയന്ത്രിക്കുന്നത്.