തിരുവനന്തപുരം : നേതൃത്വത്തിനെതിരായ വിമര്‍ശനം മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ മുസ്‌ലിം ലീഗില്‍ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ഫവാസ് ,മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവര്‍ക്കെതിരെയാണ് നടപടി. നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി. ഹരിത വിഷയത്തിലെ നിലപാടിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് ലത്തീഫ് തുറയൂര്‍ ആരോപിച്ചു. സംഘടനാ നടപടിക്രമം പാലിക്കാതെയാണ് തന്നെ മാറ്റിയത്. പുറത്താക്കിയ വിവരം അറിഞ്ഞത് ചന്ദ്രികയിലൂടെ. പാര്‍ട്ടിയില്‍ നിന്ന് ആളുകളെ പുറത്താക്കുന്നത് മാത്രമാണ് പി.എം.എ സലാമിന്റെ ജോലിയെന്നും ലത്തീഫ് പറഞ്ഞു. തന്നെ കാണാന്‍ വന്ന സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞാണ് ഹരിത വിഷയത്തില്‍ നിലപാടെടുത്തതിനാണ് തന്നെ മാറ്റിയതെന്നാണ് അറിയുന്നത്. നടപടിയുടെ കാര്യം അദ്ദേഹം പറഞ്ഞില്ല. താന്‍ പങ്കെടുത്ത കഴിഞ്ഞ ലീഗ് സംസ്ഥാന കമ്മറ്റിയില്‍ ഈ വിഷയം വന്നില്ല.