കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ് എടുത്തത്.മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിൽ വിമര്‍ശനത്തിന് തുടക്കമിട്ടത് മുസ്ലിം ലീഗായിരുന്നു.
എന്നാല്‍ കലോത്സവം കഴിഞ്ഞതിനു പിന്നാലെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചതാകെട്ടെ മന്ത്രി മുഹമ്മദ് റിയാസും. പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും ദൃശാവിഷ്കാരത്തെ വിമർശിച്ച് രംഗത്തെത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഇതിനെ പിന്തുണച്ചതോടെയാണ് സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോല്‍സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു.കലോൽസവ സ്വാഗതഗാനം ദൃശ്യവൽക്കരിച്ചത് തർക്കവിഷയമായത് മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ് ഫേസ് ബുക്കിൽ പ്രതിഷേധിച്ചതോടെയാണ്. മുജാഹിദ് സമ്മേളനത്തിൽ സംഘപരിവാറിന്റെ ഭീഷണിയെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രിയുടെസർക്കാരല്ലേ അതേ നിലപാട് അല്ലേ കലേൽസവത്തിൽ പ്രകടിപ്പിച്ചതെന്ന് റബ്ബ് ചോദിച്ചു. മുസ്ലിം വേഷധാരി ഭീകരവാദിയാകുന്നതും സൈന്യം അയാളെ കീഴടക്കുന്നതുമായിരുന്നു സ്വാഗതഗാനത്തിലെ ഭാഗം.