കണ്ണൂര്‍: മാസങ്ങൾക്കുശേഷം കണ്ണൂരിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജില്ലയിലും ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. വെള്ളിയാഴ്ചത്തെ ഔദ്യോഗിക കണക്കുപ്രകാരം ജില്ലയിൽ ജില്ലയിൽ 23 കോവിഡ് രോഗികളാണുള്ളത്. 13.5 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമ്പതു മാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച മുഴപ്പിലങ്ങാട്ട് വയോധികന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലടക്കം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദേശമുണ്ട്. മറ്റു രോഗങ്ങളുമായി വരുന്നവരിൽ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധനക്ക് വിധേയമാക്കണമെന്നും ആശുപത്രി അധികൃതർക്ക് ജില്ല മെഡിക്കൽ ഓഫിസറുടെ അറിയിപ്പുണ്ട്. കൂടുതൽ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പരമാവധി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി സാമൂഹിക അകലം പാലിക്കണം. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവർ നിര്‍ബന്ധമായും മാസ്ക് ധരിച്ചു പുറത്തിറങ്ങണം. ആശുപത്രിയിൽ മറ്റുരോഗങ്ങളുമായി പോകുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലടക്കമുള്ള മുഴുവൻ ആരോഗ്യപ്രവർത്തകരും മാസ്ക് ധരിച്ചുമാത്രമേ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളുവെന്നും കർശന നിർദേശമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധമായിരിക്കണം. ഗുരുതര രോഗവുമായി എത്തുന്ന വയോധികര്‍ ഉള്‍പ്പെടെയുള്ളവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് സംശയമുള്ളവരെ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. പ്രമേഹമടക്കം രോഗമുള്ള പ്രായമായവർ പരമാവധി ആൾക്കൂട്ടത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.