ബെംഗളൂരു: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർണാടകയിൽ കാലുമാറ്റം മാറ്റം തുടരുന്നു. കഴിഞ്ഞ ദിവസം ബിജെപി, ജെഡിഎസ് എംഎൽഎമാർ രാജിവെച്ചു. ഇവർ ഉടൻ തന്നെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം ശക്തമായി. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. ബിജെപി എംഎൽഎ എൻ വൈ ഗോപാലകൃഷ്ണ, ജെഡിഎസ് നിയമസഭാംഗമായ എ ടി രാമസ്വാമി എന്നിവരാണ് രാജി സമർപ്പിച്ചത്.
ബല്ലാരി ജില്ലയിലെ കുഡ്‌ലിഗി മണ്ഡലത്തിലെ എംഎൽഎയാണ് ഗോപാലകൃഷ്ണ. നേരത്തെ ഇയാൾ കോൺഗ്രസ് നേതാവായിരുന്നു. 2018ലാണ് ബിജെപിയിൽ ചേരുന്നത്. ചിത്രദുർഗയിലെ കോൺഗ്രസ് എംപിയുമായിരുന്നു. ചിത്രദുർഗയിലെ മൊളകൽമുരു സീറ്റിൽ നിന്ന് നാല് തവണ കോൺഗ്രസ് എംഎൽഎ ആയും ബെല്ലാരി സീറ്റിൽ നിന്ന് ഒരു തവണ കോൺഗ്രസ് എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടു. 2018 ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയിലേക്ക് മാറി. ശ്രീരാമുലു ചിത്രദുർഗയിലെ മൊളകാൽമുരു മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ബിജെപി ഇദ്ദേഹത്തിന് ബെല്ലാരിയിലെ കുഡ്‌ലിഗിയിൽ സീറ്റ് നൽകി. പ്രായം കണക്കിലെടുത്ത് വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ സാധ്യത കുറവാണെന്ന സംശയത്തെ തുടർന്നാണ് ഗോപാലകൃഷ്ണ കോൺഗ്രസിലേക്ക് കൂടുമാറാനൊരുങ്ങുന്നതെന്ന് പറയുന്നു.
കർണാടകയിലെ ഹാസൻ മേഖലയിലെ അർക്കൽഗുഡ് സീറ്റിൽ നിന്ന് നാല് തവണ എംഎൽഎയായ ജെഡിഎസ് നേതാവ് എ ടി രാമസ്വാമിയാണ് രാജിവെച്ച മറ്റൊരു നേതാവ്. 2004വരെ കോൺഗ്രസുകാരനായിരുന്നു. പിന്നീട് ജെഡിഎസിലേക്ക് മാറി. സംശുദ്ധ നേതാവായി പരക്കെ ബഹുമാനിക്കപ്പെടുന്ന മുതിർന്ന രാഷ്ട്രീയക്കാരനാണ് രാമസ്വാമി. എന്നാൽ കോൺഗ്രസിലേക്ക് പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഏതെങ്കിലും പാർട്ടി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമസാമിയുടെ മുൻ എതിരാളിയും മുൻ കോൺഗ്രസ് മന്ത്രിയുമായ എ മഞ്ജുവിനാണ് ജെഡിഎസ് അർക്കൽഗുഡ് ടിക്കറ്റ് വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം രാജിവെക്കുന്ന രണ്ടാമത്തെ ജെഡിഎസ് എംഎൽഎയാണ് രാമസ്വാമി. ജെഡിഎസ് എംഎൽഎ എസ് ആർ ശ്രീനിവാസ് വ്യാഴാഴ്ച രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.