ഭോപ്പാല്‍: പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍ എസ് എസ്. മേധാവി മോഹന്‍ ഭാഗവത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിലേറെയായിട്ടും പാകിസ്ഥാനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഭോപ്പാലില്‍ വിപ്ലവകാരി ഹേമു കാലാണിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അഖണ്ഡ ഭാരതം’ സത്യമായിരുന്നു, എന്നാൽ വിഭജിച്ച ഭാരതം ഒരു പേടിസ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
‘അഖണ്ഡ് ഭാരത് എന്നത് സത്യമാണ്, 1947-ന് മുമ്പ്, വിഭജനത്തിന് മുമ്പ് അതും ഭാരതമായിരുന്നു. എന്നാല്‍ കടുംപിടിത്തം മൂലം ഭാരതത്തില്‍ നിന്നും പിരിഞ്ഞ് പോയവര്‍ ഇപ്പോഴും സന്തോഷവാരാണോ ? ഇന്ത്യയില്‍ സന്തോഷമുണ്ടായിരുന്നു, എന്നാല്‍ അവിടെ വേദനയാണ്’. പാകിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
പാകിസ്ഥാനിലെ ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഭാരത വിഭജനം തെറ്റായിരുന്നു എന്നാണ്. എല്ലാവരും പറയുന്നത് അത് തെറ്റായിരുന്നു എന്നാണ്. മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്ന സംസ്‌കാരമല്ല ഇന്ത്യയുടേതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ‘ഭാരതം പാകിസ്ഥാനെ ആക്രമിക്കണം എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല, മറ്റുള്ളവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ആ സംസ്കാരത്തിൽ ഞങ്ങൾ ഉൾപ്പെടുന്നില്ല’- അദ്ദേഹം പറഞ്ഞു.
എന്നാല്‍ സ്വയം പ്രതിരോധത്തിൽ ഉചിതമായ മറുപടി നൽകുന്ന സംസ്കാരം ഭാരതത്തിനുണ്ട്. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പരാമര്‍ശിച്ച് ഭാഗവത് പറഞ്ഞു. അത്തരം മറുപടികള്‍ ഭാരതം നല്‍കാറുണ്ട്, അത് തുടരുമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. വിഭജന കാലത്ത് ഇന്ത്യയിലെത്തിയ സിന്ധി സമുദായത്തെ ഭാഗവത് അഭിനന്ദിച്ചു.