ന്യൂഡൽഹി∙ പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി. പത്തു മാസത്തെ ജയിൽ വാസത്തിനുശേഷം പട്യാല ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. 34 വർഷം മുൻപത്തെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടായിരുന്നു ശിക്ഷ. ജനാധിപത്യം ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് ജയിൽ മോചിതനായശേഷം സിദ്ദു പറഞ്ഞു. പഞ്ചാബ് രാജ്യത്തിന്റെ കവചമാണ്. രാജ്യത്ത് ഏകാധിപത്യം വന്നപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിപ്ലവവും വന്നുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷമാണ് സിദ്ദുവിന് സുപ്രീം കോടതി ജയിൽ ശിക്ഷ വിധിച്ചത്. 1988 ഡിസംബർ 27നാണ് സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിങ്ങിനെ വധിച്ചത്. പാർക്കിങ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഗുർനാമിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഗുർനാം ആശുപത്രിയിൽ മരിച്ചു.2018ൽ കേസ് പരിഗണിച്ച സുപ്രീം കോടതി 1000 രൂപ പിഴ ഒടുക്കാനാണ് നിർദേശിച്ചത്. എന്നാൽ പിന്നീട് സുപ്രീം കോടതി തന്നെ വിധി പുനർപ്പരിശോധിക്കുകയും സിദ്ദുവിന് ജയിൽ ശിക്ഷ വിധിക്കുകയുമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ സംസ്ഥാന അധ്യക്ഷ പദവി സിദ്ദു രാജിവച്ചിരുന്നു.