മേപ്പാടി : അരുണമലയിൽ നടപ്പാക്കാനിരുന്ന ഇക്കോടൂറിസം പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി വനംവകുപ്പ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയ്ഞ്ചിലുൾപ്പെടുന്ന അരുണമലയിലെ ഇക്കോ ടൂറിസം ഗോത്രവർഗക്കാരുടെ എതിർപ്പിനെത്തുടർന്നാണ് ഉപേക്ഷിക്കാനുള്ള തീരുമാനം. അരുണമലയിൽ ട്രക്കിങ്ങും ടെന്റ് ടൂറിസവുമടക്കമുള്ള വലിയ വിനോദസഞ്ചാരപദ്ധതിയാണ് വനംവകുപ്പ് നടപ്പാക്കാനിരുന്നത്. എന്നാൽ ഇവിടെ താമസിക്കുന്ന പ്രാക്തന ഗോത്രവർഗ വിഭാഗമായ കാട്ടുനായ്ക്കർ പ്രദേശത്ത് ഇക്കോടൂറിസം നടപ്പാക്കുന്നത് എതിർത്തിരുന്നു. 85 കാട്ടുനായ്ക്കകുടുംബങ്ങളാണ് അരുണമലയിൽ കഴിയുന്നത്. പദ്ധതി എതിർത്തുകൊണ്ട് ആദ്യം ഗോത്രവർഗ കുടുംബങ്ങളാണ് രംഗത്തെത്തിയത്. ഇക്കോടൂറിസം നടപ്പായാൽ തങ്ങളുടെ സ്വൈരജീവിതം തകരുമെന്ന് അരുണമല ഗോത്രവർഗകമ്മിറ്റി പ്രസിഡൻറ് ബി. അഖിൽ പറയുന്നു. വയനാട് പ്രകൃതിസംരക്ഷണ സമിതിയും പ്രശ്നത്തിൽ ഇടപെട്ടു.
അരുണമലയിലെ ഇക്കോടൂറിസം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകൾപ്രകാരം നിയമവിരുദ്ധമാണെന്നും നിലവിലുള്ള വർക്കിങ് പ്ലാനിൽ ഉൾപ്പെടാത്തതാണെന്നും പ്രകൃതിസംരക്ഷണസമിതി പറഞ്ഞു. കൂടാതെ, പ്രദേശത്ത് ഒട്ടേറെ ഉരുൾപൊട്ടലുകളുമുണ്ടായിട്ടുണ്ട്. പശ്ചിമഘട്ട മലനിരകൾക്ക് മുകളിൽ, ക്യാമൽ ഹംപ് മലനിരകളുടെ കിഴക്കൻ ചെരിവിലെ പരിസ്ഥിതിലോല പ്രദേശത്താണ് വനംവകുപ്പ് ഇക്കോടൂറിസം നടപ്പാക്കാനിരുന്നത്. പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമസമിതി യോഗം ചേരുകയും കളക്ടർ, സൗത്ത് വയനാട് ഡി.എഫ്.ഒ. എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. നിലവിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടുകളുടെ നേതൃത്വത്തിലുള്ള അനധികൃത ട്രക്കിങ്ങും നിരോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാരവകുപ്പ് അധികൃതർ അരുണമല സന്ദർശിക്കുകയും കോളനിയിലെത്തി കുടുംബങ്ങളോട് സംസാരിച്ച് തെളിവെടുക്കുകയും ചെയ്തു.
കോളനിനിവാസികളുടെ എതിർപ്പ് വനം വകുപ്പിനെയും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോത്ര വിഭാഗക്കാർക്ക് താത്പര്യമില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കാമെന്ന് വനംവകുപ്പ് നിലപാടെടുക്കുന്നത്. കോളനി സന്ദർശിച്ച് തെളിവെടുത്തതിന്റെ റിപ്പോർട്ട് കളക്ടർക്ക് കൈമാറിയതായി ടൂറിസം ഡിപ്പാർട്ട്മെന്റ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത് പറഞ്ഞു