കോട്ടയം : വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി. പി ആർഡി നൽകിയ പത്രപരസ്യത്തിൽ നിന്ന് സ്ഥലം എംഎൽഎ സി.കെ.ആശയുടെ പേര് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പിആർഡി വകുപ്പിനെതിരെ സിപിഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിലാണ് സിപിഎം ജില്ലാ നേതൃത്വം. എന്നാൽ ജില്ലാ നേതൃത്വത്തെ തള്ളി പാർട്ടിക്ക് പരിഭവമില്ലെന്നാണ് കാനത്തിന്റെ പ്രതികരണം.
”തീണ്ടാപ്പാടകലെ ദളിതരെയും സ്ത്രീകളെയും അകറ്റി നിർത്തുക എന്നതാണോ നയം. സി കെ ആശ ദളിത് സ്ത്രീ ആയതാണോ അയോഗ്യത”. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹസതാബ്ദി ആഘോഷ പരിപാടികൾക്ക് തിരി തെളിഞ്ഞതിന് പിന്നാലെ നവമാധ്യമങ്ങളിലെ സിപിഐ പ്രവർത്തകരുടെ പ്രൊഫൈലുകളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളാണ് ഇവ. എംഎൽഎക്ക് ശതാബ്ദി ആഘോഷ പരിപാടികളിൽ കാര്യമായ പരിഗണന കിട്ടിയില്ലെന്ന വികാരമാണ് സിപിഐ പ്രവർത്തകരിൽ നിന്ന് ഉയരുന്നത്. പരിപാടിയിലെ എംഎൽഎയുടെ പങ്കാളിത്തത്തെക്കുറിച്ച് പരാതി ഇല്ലെന്ന് പറയുമ്പോഴും ഇന്നലെ രാജ്യവ്യാപകമായി നൽകിയ പത്രപരസ്യത്തിൽ നിന്ന് എംഎൽഎയുടെ പേര് പോലും ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് സി പി ഐ നേതൃത്വം. തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയിട്ടുണ്ടെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബിനു പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പല്ലേ പിആർഡി എന്ന ചോദ്യത്തിന് ആരുടെ വകുപ്പായാലും തെറ്റ് കണ്ടാൽ തിരുത്തണം എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി. ഉദ്യോഗസ്ഥതല വീഴ്ച മാത്രമായി ഇതിനെ കാണുന്നില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞുവച്ചു.
പിആർഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ന്യൂനതയാണ് തന്റെയും തോമസ് എംപിയുടെയും പേര് പത്ര പരസ്യത്തിൽ നിന്ന് ഒഴിവാകാൻ കാരണമെന്ന് ഫേസ്ബുക്ക് കുറുപ്പിൽ സി കെ ആശ കുറ്റപ്പെടുത്തി. വിഷയം സർക്കാർ ശ്രദ്ധിക്കുമെന്നും ആശ പറയുന്നു, എന്നാൽ ശതാബ്ദി ആഘോഷ വേദിയിൽ അർഹമായ പരിഗണന തനിക്ക് കിട്ടിയെന്നും എംഎൽഎ അവകാശപ്പെട്ടു.
ശതാബ്ദി ആഘോഷ പരിപാടികളുടെ ആസൂത്രണ ഘട്ടം മുതൽഒഴിവാക്കപ്പെടുന്നു എന്ന ചിന്ത സിപിഐക്ക് ഉണ്ടായിരുന്നു. പരിപാടിയുടെ പ്രചാരണ ബോർഡുകളിൽ പോലും എംഎൽഎയ്ക്ക് അർഹമായ പ്രാധാന്യം കിട്ടാത്തതിലും സിപിഐ പ്രവർത്തകർ അതൃപ്തരായിരുന്നു. ഇതിന്റെയെല്ലാം ഒടുവിലാണ് പരിപാടി നടന്ന ദിവസം സർക്കാർ നൽകിയ പരസ്യത്തിൽനിന്നും എംഎൽഎ ഒഴിവാക്കപ്പെട്ടത്. ഇതോടെയാണ് സർക്കാർ നടപടിക്കെതിരെ തുറന്നടിക്കാൻ സിപിഐ നിർബന്ധിതരായതും. എന്നാൽ സിപിഐ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നു എന്ന വികാരമാണ് സിപിഎം നേതൃത്വത്തിന്. അർഹമായ എല്ലാ പരിഗണനയും എല്ലാ ഘട്ടത്തിലും ആശയ്ക്ക് നൽകിയിരുന്നു എന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.
ഇതിനിടയിൽ ചർച്ചയാകുകയാണ് കാനത്തിന്റെയും നിലപാട്. സികെ ആശയുടെ പേര് വൈക്കം സത്യഗ്രഹ ശതാബ്ദി പരസ്യത്തിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ സിപിഐ ജില്ലാ കമ്മിറ്റിയുടെ വാദം തള്ളി സംസ്ഥാന സെക്രട്ടറി കാനം തള്ളി. ജില്ലാ കമ്മറ്റിക്ക് അങ്ങനെ ഒരു പരാതിയുള്ളതായി അറിയില്ലെന്നാണ് കാനത്തിന്റെ പ്രതികരണം. പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണെന്നും പാർട്ടിക്ക് പരിഭവമില്ലെന്നും കാനം പറഞ്ഞു.