കോളജ് കാലത്തെ രാഷ്ട്രീയ ഓർമ പങ്കുവെച്ച് നടൻ ശ്രീനിവാസൻ. പിതാവ് കമ്യൂണിസ്റ്റുകാരനായതു കൊണ്ട് താനും കമ്യൂണിസ്റ്റുകാരനാണെന്നാണ് വിചാരിച്ചത്. എന്നാൽ കോളജിലെത്തി ആദ്യവർഷം കെ.എസ്.യുവിൽ ചേർന്നുവെന്നും പിന്നീട് തൊട്ട് അടുത്ത വർഷം എ.ബി.വി.പിയിലേക്ക് മാറിയതായും ശ്രീനിവാസൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ജനിച്ചതും വളർന്നതും കണ്ണൂരിലായതുകൊണ്ടും അച്ഛന് കമ്യൂണിസത്തിന്‍റെ പശ്ചാത്തലമായിരുന്നതുകൊണ്ടും ഞാനും കമ്യൂണിസ്റ്റുകാരന്‍ ആണെന്നാണ് കരുതിയിരുന്നത്. അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴാണ് മഹാത്മാഗാന്ധിയെക്കുറിച്ചൊക്കെ ആദ്യമായി കേള്‍ക്കുന്നത്. അവിടെ അമ്മയുടെ അച്ഛനും ആങ്ങളമാരുമൊക്കെ കോണ്‍ഗ്രസുകാര്‍ ആയിരുന്നു.
ഞാന്‍ കോളജില്‍ എത്തിയ ആദ്യ കൊല്ലം കെ.എസ്‍.യുക്കാരനായി. ആ സമയത്ത് ഒരുത്തന്‍ എന്നെ സ്ഥിരമായിട്ട് ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടായിരുന്നു. അവന്‍ എ.ബി.വി.പിക്കാരനാണ്.തൊട്ട് അടുത്ത കൊല്ലം ഞാന്‍ എ.ബി.വി.പി ആയി. എബിവിപിക്ക് രക്ഷാബന്ധനൊക്കെ കെട്ടുന്ന ഒരു പരിപാടി ഉണ്ടല്ലോ. അതും കെട്ടിയിട്ട് ആദ്യമായിട്ട് എന്‍റെ നാട്ടില്‍ ഇറങ്ങിയ ഒരാള്‍ ഞാനാണ്. മുഴുവന്‍ കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ ചരടും കെട്ടിയിട്ട് ഇറങ്ങിയപ്പോള്‍ ഭയങ്കര പ്രശ്നമായിരുന്നു. എന്റെ സുഹൃത്ത് ഇത് പൊട്ടിക്കാന്‍ നോക്കി. കൊല്ലുമെന്ന് ഞാൻ പറഞ്ഞു. അവന്‍ പെട്ടെന്ന് കൈ വലിച്ചു. ആ സമയത്ത് എനിക്ക് പ്രാന്തായിരുന്നു- പഴയ ഓർമ പങ്കുവെച്ച് കൊണ്ട് ശ്രീനിവാസന്‍ പറഞ്ഞു.