ന്യൂഡൽഹി> രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 7.8 ശതമാനത്തിലെത്തി. മൂന്ന് മാസത്തിനിടയിലെ ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണിത്. നഗരമേഖലയിൽ 8.51 ശതമാനവും ഗ്രാമമേഖലയിൽ 7.47 ശതമാനവുമാണ് തൊഴിലില്ലായ്‌മ നിരക്കെന്ന് സെന്റർഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ ഇക്‌ണോമി (സിഎംഐഇ) റിപ്പോർട്ടിൽ പറഞ്ഞു.
ജനുവരിയിൽ 7.14 ശതമാനവും ഫെബ്രുവരിയിൽ 7.45 ശതമാനവും ആയിരുന്നു തൊഴിലില്ലായ്‌മനിരക്ക്. ഹരിയാന (26.8 ശതമാനം), രാജസ്ഥാൻ (26.4 ശതമാനം) സംസ്ഥാനങ്ങളാണ് തൊഴിലിലായ്‌മ നിരക്കിൽ മുന്നിൽ. ജമ്മുകശ്‌മീർ (23.1 ശതമാനം), സിക്കിം (20.7 ശതമാനം), ബിഹാർ (17.6 ശതമാനം) തൊട്ടുപിന്നിൽ. ആഗോളതലത്തിൽ തന്നെ കൂട്ടപിരിച്ചുവിടലുകളും തൊഴിലില്ലായ്‌മയും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ സാഹചര്യങ്ങൾ ആശങ്കാജനകമാണെന്ന് വിദഗ്‌ധർ വിലയിരുത്തി. ഐടി, ടെക്‌നോളജി, സ്‌റ്റാർട്ട്‌അപ്പുകൾ സാമ്പത്തികപ്രതിസന്ധി കാരണം പുതിയ നിയമനങ്ങൾ തൽക്കാലം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സാമ്പത്തികമാന്ദ്യത്തിന്റെ യഥാർഥ പ്രതിഫലനമാണ് കുതിച്ചുയരുന്ന തൊഴിലില്ലായ്‌മ നിരക്കെന്നും അവർ ചൂണ്ടിക്കാണിച്ചു.
രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 2022 ഡിസംബറിൽ 8.30 ശതമാനത്തിലേക്ക് കുതിച്ചുയർന്നിരുന്നു. ജനുവരിയിൽ 7.14 ശതമാനമായെങ്കിലും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിരക്ക് വീണ്ടും കുതിച്ചുയർന്നു. തൊഴിലില്ലായ്‌മ നിരക്ക് കുതിച്ചുയരുമ്പോഴും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഉൾപ്പടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയും വലിയ തിരിച്ചടിയായി. അടുത്ത സാമ്പത്തികവർഷം 60,000 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിച്ചത്. നടപ്പുസാമ്പത്തികവർഷത്തിലെ പുതുക്കിയ കണക്കുകൾ പ്രകാരം പദ്ധതിക്കായി 89,400 കോടി ചെലവിട്ടിരുന്നു. പദ്ധതി വിഹിതത്തിൽ 33 ശതമാനം വെട്ടിക്കുറച്ചു. കോവിഡ് ഉൾപ്പടെ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധികൾ മറികടക്കാൻ തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക മാറ്റിവെക്കുമെന്ന കണക്കുക്കൂട്ടൽ തെറ്റിച്ചാണ് മോദിസർക്കാർ വിഹിതം വെട്ടിക്കുറച്ചത്.