കോഴിക്കോട്: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന സ്ത്രീയും കുഞ്ഞും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതികളുടെ മകൾ സഹ്ല (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്ത് (45) എന്നിവരാണ് മരിച്ചത്. മരിച്ച പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല. എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം റെയിൽവേ പാളത്തിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ട്രെയിനിലുണ്ടായിരുന്ന എട്ടുപേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയി ലും പ്രവേശിപ്പിച്ചു.
ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിലെ ഡി1 കമ്പാർട്ട്മെന്‍റിൽ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. . കോഴിക്കോട് പിന്നിട്ട് എലത്തൂർ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തി ലെത്തിയപ്പോൾ പെട്രോളുമായി കമ്പാർട്ട്മെന്‍റിൽ കയറിയ അക്രമി യാത്രക്കാർക്ക് നേരെ സ്പ്രേ ചെയ്ത ശേഷം കത്തിക്കുകയായിരുന്നു എന്നാണ് കമ്പാർട്ട്മെന്‍റിലുള്ളവർ പറഞ്ഞത്.
മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ട്രെയിനിന് തീപിടിച്ചെന്നാണ് ആദ്യം പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിൻ നിന്നത് പാലത്തിന് മുകളിലായതിനാൽ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടി വന്നു. ഡി1 കമ്പാർട്ടിമെന്‍റിൽ നിന്ന് മറ്റ് കമ്പാർട്ട്മെന്‍റിനുള്ളിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്.