ന്യൂഡൽഹി ∙ അപകീർത്തി കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. കോടതിയിൽ രാഹുൽ ഹാജരാകും. 3 സംസ്ഥാന മുഖ്യമന്ത്രിമാരോടും മുതിർന്ന നേതാക്കളോടും രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവു വിധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീൽ നൽകാതെ ജയിലിൽ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാർട്ടി നിയമ സെൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. പട്നയിൽ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ അപകീർത്തിക്കേസിൽ ഏപ്രിൽ 12ന് രാഹുൽ ഗാന്ധിയോടു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.അപ്പീൽ നൽകിയാലും രാഹുൽ ഒബിസി സമുദായക്കാരോടു മാപ്പു പറയണമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആവശ്യപ്പെട്ടു. രാഹുൽ അപ്പീൽ വൈകിപ്പിക്കുന്നതും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം രാഹുലിനു പിന്തുണ നൽകിയതും ബിജെപിയിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നു. തന്ത്രങ്ങൾ പാളുന്നുവെന്ന മട്ടിൽ ഇത് ബിജെപി വൃത്തങ്ങളിൽ ചർച്ചയ്ക്കിടയാക്കിയിരുന്നു.