ന്യൂഡൽഹി∙ കർണാടകയിൽ 30 ശതമാനത്തോളം സിറ്റിങ് എംഎൽഎമാരെ ബിജെപി ഒഴിവാക്കുമെന്നു സൂചന. അഴിമതിയാരോപണങ്ങൾ നേരിടുന്ന എംഎൽഎമാർക്ക് സീറ്റു നൽകുന്നത് തിരിച്ചടിയാകുമെന്ന് പാർട്ടി നടത്തിയ സർവേകളിൽ വ്യക്തമായിരുന്നു. സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം നാളെ ചേർന്നേക്കും. കോൺഗ്രസ് 124 സ്ഥാനാർഥികളെയും ജെഡി(എസ്) 93 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.കോൺഗ്രസും ദളും വിട്ടു വന്നു മന്ത്രിമാരായവരിൽ ചിലർക്ക് ഇത്തവണ സീറ്റു കിട്ടാനിടയില്ല.
പുതുമുഖങ്ങളെ പരീക്ഷിക്കുന്നതോടൊപ്പം പ്രചാരണത്തിനു വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ കർണാടകയിലെത്തിക്കും. ഈ നേതാക്കൾ അതതു മണ്ഡലങ്ങളിൽ താമസിച്ചു പ്രചാരണം ഏകോപിപ്പിക്കും. കഴിഞ്ഞ ദിവസം സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെയും കർണാടക തിരഞ്ഞെടുപ്പു ചുമതലയുള്ള മന്ത്രി ധർമേന്ദ്ര പ്രധാന്റെയും നേതൃത്വത്തിൽ നടന്ന യോഗം ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി.224 മണ്ഡലങ്ങളിൽ പാർട്ടിക്കു ശക്തിയുള്ള 115 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു നീക്കം. സംസ്ഥാനത്ത് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ബസവരാജ് ബൊമ്മെ തന്നെയാകുമോ എന്നതിനു കൃത്യമായ മറുപടി പാർട്ടി വൃത്തങ്ങൾ നൽകുന്നില്ല.