ലോകമെമ്പാടും ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന്‍റെ പാതയിലാണ്. ഇരുചക്ര വാഹന വിപണിയെ ഇലക്ട്രിക്ക് വാഹനങ്ങള്‍ കീഴടക്കുന്ന കാഴ്‍ചയാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ കാണാൻ സാധിക്കുന്നത്. എന്നാല്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒരു നഗരം. ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസില്‍ ആണ് വാടക ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ നിരോധിച്ചത്. ഫ്രഞ്ച് തലസ്ഥാനത്തെ തെരുവുകളിൽ നിന്ന് ഇലക്ട്രിക് സ്‍കൂട്ടറുകൾ നിരോധിക്കാൻ നടത്തിയ ജനഹിതപരിശോധനയില്‍ പാരീസിലെ ഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുകൂടിയാലോചന ബില്ലിനു വേണ്ടി പാരീസിലെ 20 ജില്ലകളിൽ നടത്തിയ ജനഹിതപരിശോധനയില്‍ 85.77 ശതമാനം മുതൽ 91.77 ശതമാനം വരെ വോട്ടുകൾ നേടി.
ഫ്രഞ്ച് തലസ്ഥാനത്ത് ഇ-സ്‌കൂട്ടറുകളിൽ ആളുകൾക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഇവ നിരോധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ജനഹിതപരിശോധന നടത്തിയത്. വൈദ്യുത വാഹനങ്ങൾ ആദ്യമായി സ്വീകരിച്ച നഗരങ്ങളിലൊന്നാണ് പാരീസ്. എന്നാൽ അവ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് വിമർശകർ വാദിക്കുന്നത്.
ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്ക് ജനപ്രീതി വർദ്ധിച്ചപ്പോൾ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചു. 2022 ൽ പാരീസിലെ ഇ-സ്‍കൂട്ടർ അപകടങ്ങളിൽ മൂന്ന് പേർ മരിക്കുകയും 459 പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു. 2021-ൽ ഫ്രാൻസിൽ സ്‍കൂട്ടർ അപകടങ്ങളിൽ , പാരീസിൽ ഒരാൾ ഉൾപ്പെടെ 24 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇ-സ്‌കൂട്ടറുകളും സമാന വാഹനങ്ങളുമായിട്ടാണ് 459 അപകടങ്ങൾ പാരീസിൽ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. ഇതിൽ മൂന്ന് മാരകമായ അപകടങ്ങളും ഉൾപ്പെടുന്നു. 2021-ൽ ഇറ്റാലിയൻ യുവതി ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ഇടിച്ച് മരിച്ചിരുന്നു. സ്‍കൂട്ടര്‍ ഇടിച്ച് നടപ്പാതയിൽ തലയിടിച്ചു വീണ യുവതിയാണ് കൊല്ലപ്പെട്ടത്.
പലരും സ്‌കൂട്ടറുകൾ ഓടിക്കുന്ന രീതിയെക്കുറിച്ച് നഗരത്തില്‍ വർദ്ധിച്ചുവരുന്ന ആശങ്കയുണ്ട്. അപകടകരമായി പായുന്ന ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ മൂലം കാല്‍നട യാത്രികര്‍ പലപ്പോഴും ഭീതിയിലാണ്. റൈഡർമാർ പലപ്പോഴും ഹെൽമറ്റ് ധരിക്കാറില്ല. മാത്രമല്ല 12 വയസ് പ്രായമുള്ള കുട്ടികൾക്ക് പോലും പാരീസില്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ നിയമപരമായി വാടകയ്ക്ക് എടുക്കാം. പാർക്ക് ചെയ്‌ത ഇ-സ്‌കൂട്ടറുകളുടെ കൂട്ടങ്ങൾ നടപ്പാതകൾ അലങ്കോലപ്പെടുത്തുന്നതായും വിമർശനമുയർന്നിരുന്നു.
തുടര്‍ന്നാണ് പാരീസ് മേയർ ആനി ഹിഡാൽഗോ ജനഹിത പരിശോധന നടത്താൻ റഫറണ്ടം വിളിക്കുകയായിരുന്നു. പാരീസിലെ സോഷ്യലിസ്റ്റ് മേയറായ ആനി ഹിഡാൽഗോ സൈക്ലിംഗും ബൈക്ക് ഷെയറിംഗും പ്രോത്സാഹിപ്പിച്ചിരുന്നു വ്യക്തിയായിരുന്നു. എങ്കിലും ഇ-സ്‍കൂട്ടറുകൾ നിരോധിക്കുന്നതിനെ അവരും പിന്തുണച്ചു. ഈ ജനഹിത പരിശോധനയില്‍ വോട്ടർമാർക്ക് ഇ-സ്‌കൂട്ടറുകൾക്ക് അനുകൂലമായോ പ്രതികൂലമായോ വോട്ട് ചെയ്യാൻ അവസരവും ഒരുക്കി. എന്നാല്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ വോട്ടെടുപ്പിന്റെ ഭാഗമായിരുന്നില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം നഗരത്തിലെ ഇലക്ടറൽ രജിസ്റ്ററിലെ 1.38 ദശലക്ഷം ആളുകളിൽ 103,000 പേർ മാത്രമാണ് പങ്കെടുത്തത്. ഇതിൽ 91,300 പേർ സ്‍കൂട്ടറുകൾക്കെതിരെ വോട്ട് ചെയ്‍തു.
“ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ എന്റെ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുന്നു. എനിക്ക് അവരെ പേടിയാണ്..” പാരീസിൽ നിന്നുള്ള 50 കാരനായ അധ്യാപിക സുസൺ ലാംബർട്ട് എഎഫ്‌പിയോട് പറഞ്ഞു. “ഇത് അപകടകരമാണ്, ആളുകൾ അവ മോശമായി ഉപയോഗിക്കുന്നു. എനിക്ക് മടുത്തു.” മറ്റൊരാള്‍ പറഞ്ഞു. ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ കാരണം പാരീസ് ഒരുതരം അരാജകത്വമായി മാറിയിരിക്കുന്നുവെന്നും കാൽനടയാത്രക്കാർക്ക് ഇനി രക്ഷയില്ലെന്നും പലരും പറയുന്നു. “എനിക്ക് എതിർത്ത് വോട്ട് ചെയ്യാനാണ് താൽപ്പര്യം, കാരണം പാരീസിൽ ഇത് ഒരു കുഴപ്പമാണ്,” റെയിൽവേ തൊഴിലാളിയായ ഇബ്രാഹിം ബ്യൂച്ചൗട്ടക് എന്നയാള്‍ റോയിട്ടേഴ്‌സ് ടിവിയോട് പറഞ്ഞു.
അതേസമയം നഗരത്തിലെ മൊത്തത്തിലുള്ള ട്രാഫിക് അപകടങ്ങളുടെ ഒരു ചെറിയ അനുപാതം മാത്രം അപകടങ്ങളാണ് ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ ഉണ്ടാക്കുന്നത് എന്നായിരുന്നു ഇ-സ്‍കൂട്ടർ ഓപ്പറേറ്റർമാർ വാദിച്ചത്. ലൈം, ഡോട്ട്, ടയർ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ പ്രവർത്തിപ്പിക്കുന്ന 15,000 ഇ-സ്‍കൂട്ടറുകൾ പാരീസിനുണ്ട്. പാരീസിലെ നിരോധനം മറ്റ് നഗരങ്ങളെയും ഇത് പിന്തുടരാൻ പ്രോത്സാഹിപ്പിക്കുമെന്നും ഇ-സ്‍കൂട്ടർ ഓപ്പറേറ്റർമാർ ഭയപ്പെടുന്നു.