പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വിവിധ രീതികളില്‍ ഗുണകരമാണ്. ശാരീരികാരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും പതിവായ വ്യായാമം ഏറെ ഗുണം ചെയ്യും. തിരക്ക് പിടിച്ച ജീവിതാന്തരീക്ഷത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങളും നിരാശയുമെല്ലാം മിക്കവരിലും കാണാം. ഇത്തരം പ്രശ്നങ്ങളെല്ലാം ക്രമേണ ഹൃദയാരോഗ്യം അടക്കം പല അവയവങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി സ്വാധീനിക്കാം.
ഹൃദയാരോഗ്യത്തിനാണെങ്കില്‍ കാര്‍ഡിയോ വ്യായാമങ്ങളാണ് അധികപേരും ചെയ്യാറ്. എന്നുവച്ചാല്‍ ലളിതമായി ഹൃദയത്തിന് വേണ്ടി തന്നെ പ്രത്യേകമായി ചെയ്യുന്ന വ്യായാമം എന്നര്‍ത്ഥം.
നടത്തം അതുപോലെ ഓട്ടമാണ് കാര്‍ഡിയോയില്‍ തന്നെ ഏറ്റവുമധികം പേര്‍ തെരഞ്ഞെടുക്കുന്ന വ്യായാമരീതികള്‍. എന്നാല്‍ ഇതില്‍ ഏറ്റവും മികച്ച വ്യായാമരീതി ഏതാണെന്ന് അറിയാമോ?
ഹൃദയാരോഗ്യം ഉറപ്പ് വരുത്തുന്നതിനാണെങ്കില്‍ ഏറ്റവും നല്ലത് നടത്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല പഠനങ്ങളും നേരത്തെ തന്നെ ഇത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഓട്ടമാകുമ്പോള്‍ അത് ഹൃദയപേശികളില്‍ നിശ്ചിത അളവില്‍ സമ്മര്‍ദ്ദം നല്‍കുമത്രേ. എന്നാല്‍ നടത്തമാകുമ്പോള്‍ അങ്ങനെ സംഭവിക്കില്ല.
പതിയെ നടന്നുതുടങ്ങി അല്‍പം വേഗതയിലാക്കി പിന്നീട് കുറച്ച് കൊണ്ടുവരുന്ന രീതിയാണ് ഏറ്റവും നല്ലതായി ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 2013ല്‍ പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പതിവായി ഓടുന്നവരെക്കാള്‍ ഹൃദയാരോഗ്യം നടക്കുന്നവരില്‍ തന്നെയാണ്.
അതുപോലെ തന്നെ ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കുന്നതിലും ഓട്ടത്തെക്കാള്‍ സ്വാധീനിക്കുന്നത് നടത്തമായിട്ടാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
ഇതിനെല്ലാം പുറമെ മുട്ടിന് പ്രശ്നമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, നടുവേദനയുള്ളവര്‍, കാല്‍വണ്ണയ്ക്ക് പ്രശ്നമുള്ളവര്‍- എന്നിവര്‍ക്കെല്ലാം അനുയോജ്യമായ വ്യായാമരീതിയും നടത്തമാണ്. വണ്ണം കുറയ്ക്കുന്നതിനായി ഈ വിഭാഗക്കാര്‍ക്കെല്ലാം തെരഞ്ഞെടുക്കാവുന്ന പതിവ് വ്യായാമമാണ് നടത്തം. ഭാരിച്ച വ്യായാമമുറകളൊന്നും ഇത്തരത്തില്‍ ശാരീരികപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ചെയ്യാൻ സാധിക്കില്ല.
വ്യായാമത്തിന്‍റെ ഭാഗമായി നടക്കുമ്പോള്‍ ആദ്യ പത്ത് മിനുറ്റ് സാധാരണവേഗതയിലാണ് നടക്കേണ്ടത്. ഇതിന് ശേഷം 20 മിനുറ്റെങ്കിലും വേഗത കൂട്ടി നടക്കണം. അടുത്ത പത്ത് മിനുറ്റ് വേഗത കുറച്ച് ആദ്യത്തെ പോലെ സാധാരണനിലയിലേക്ക് വരാം.