തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കിൽ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി അഞ്ച് പേർക്ക് പരിക്ക്. കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെയാണ് ചെക്കാലമുക്ക് ജംഗ്ഷനിൽ വച്ച് രാത്രി പത്തേമുക്കാലോടെയാണ് ആന വിരണ്ടത്.അച്ചു ( 30 ) വിഷ്ണുവർദ്ധൻ (12) ( കാലിന് പരിക്ക് ), സന്ധ്യ (35), കെസിയ (19), സോനു (28 ) തുടങ്ങിയവർകാണ് പരിക്കേറ്റത്. വിരണ്ടോടിയ ആന സിപിഎം അണിയൂർ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തൂക്കിയെറിഞ്ഞു.
കാഞ്ഞിരക്കാട്ട് ശേഖരൻ എന്ന ആനയാണ് വിരണ്ടത്. ഘോഷയാത്രയിൽ രണ്ട് ആനയാണ് ഉണ്ടായിരുന്നത്. അൽപദൂരം ഓടിയ ആനയെ ഉടൻ തന്നെ തളച്ചു. ഘോഷയാത്ര കാണാൻ കൂടി നിന്നതിൽ ഒരാൾ മദ്യപിച്ച ആനയുടെ വാലിൽ പിടിച്ചതാണ് ആന വിരളാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു. പരിക്കേറ്റുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
ആന വിരണ്ടതോടെ പരിഭ്രാന്തരായി ഓടിയപ്പോള്‍ സമീപത്തെ മതിലിടിഞ്ഞാണ് കൂടുതൽ പേർക്കും പരിക്ക് പറ്റിയത്. ആനയെ തളച്ചതിന് ശേഷം മേള വാദ്യങ്ങൾ നിർത്തിവെച്ച് ഘോഷയാത്ര മുന്നോട്ടുപോകാൻ ശ്രീകാര്യം പൊലീസ് സഘാടകരോട് പറഞ്ഞു. തുടര്‍ന്ന് മേളമില്ലാതെയാണ് ഉത്സവ പരിപാടികള്‍ നടത്തിയത്. ആനയെ സമീപത്തെ പുരയിടത്തിൽ തളച്ച ശേഷം ലോറിയിൽ കയറ്റിക്കൊണ്ടുപോയി.