ഹൈദരാബാദ്: ഐപിഎല്ലില്‍ വിജയത്തുടക്കമിട്ട രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ പ്രശംസിച്ച് പരിശീലകന്‍ കുമാര്‍ സംഗക്കാര. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരശേഷം ഡ്രസ്സിംഗ് റൂമില്‍ കളിക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മത്സരത്തില്‍ ഓരോ താരങ്ങളുടെയും പ്രകടനം സംഗ എടുത്തു പറഞ്ഞത്.
ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും നല്‍കിയ തുടക്കമായിരുന്നു മത്സരത്തില്‍ നിര്‍ണായകമായതെന്ന് സംഗ പറഞ്ഞു. ആദ്യ മത്സരത്തില്‍ തന്നെ ഇത്തരം പ്രകടനം നടത്തുക എന്നത് എളുപ്പമല്ല. പിച്ച് ഫ്ലാറ്റാണെന്ന് തോന്നുമെങ്കിലും ബാറ്റിംഗ് അത്ര എളുപ്പമല്ലായിരുന്നു. തുടക്കത്തിലെ പിച്ചിന്‍റെ സ്വഭാവം മനസിലാക്കി ബാറ്റ് ചെയ്ത ജോസും യശസ്വിയും നല്‍കിയ തുടക്കം നിര്‍ണായകമായി. മികച്ച തുടക്കം ലഭിച്ചതോടെ 220-240 റണ്‍സ് അടിക്കാമെന്ന തോന്നലുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ഈ പിച്ചില്‍ അതത്ര എളുപ്പമല്ല.
ബട്‌ലര്‍ പുറത്തായശേഷം സ്കോറിംഗ് നിരക്ക് താഴാതെ മുന്നോട്ടുപോയെ യശസ്വിയും സഞ്ജുവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യശസ്വി ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുന്നു. സഞ്ജുവിന്‍റേത് അവിശ്വസനീയ ബാറ്റിംഗായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെറ്റ്മെയറും ഹൈദരാബാദിന് എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യം കുറിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി. ബൗളിംഗില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പ്രകടനം അവിശ്വസനീയമാണ്. അതുപോലെ ആദ്യമത്സരത്തിനിറങ്ങിയ കെ എം ആസിഫിന്‍റേതും. പവര്‍പ്ലേയില്‍ ആസിഫ് എറിഞ്ഞ രണ്ടോവറുകള്‍ നിര്‍ണായകമായിരുന്നു. പിന്നെ കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും മികവ് ആവര്‍ത്തിക്കുന്ന സ്പിന്‍ ജോഡികളായ അശ്വിനെയും യുസിയെയും കുറിച്ച് എന്താണ് പറയുക. ജേസണ്‍ ഹോള്‍ഡറുടെ ക്യാച്ചും അപാരമായിരുന്നു. ഇതേ പ്രകടനം ആവര്‍ത്തിക്കുക എന്നതാണ് പ്രധാനമെന്നും മത്സരശേഷം സംഗക്കാര ടീം അംഗങ്ങളോട് പറഞ്ഞു. ബുധനാഴ്ച ഗുവാഹത്തിയില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സിനെതിരെ ആണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.