തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചത്. ഈ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചതിനാൽ രണ്ടംഗ ബെഞ്ചിനു ഭിന്നാഭിപ്രായമുള്ളതിനാൽ ഹർജി നിലനിൽക്കുന്നതാണോയെന്നു പരിശോധിക്കാനാണു കേസ് ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും അടങ്ങിയ ഫുൾ ബെഞ്ചിനു വിട്ടത്.ഹർജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്നതിനെച്ചൊല്ലി ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കും ഇടയിൽ അഭിപ്രായ ഭിന്നതയുണ്ടായി.
ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും അഭിപ്രായ വ്യത്യാസം വന്നു. ഈ സാഹചര്യത്തിലാണു ഹർജി ഫുൾബെഞ്ചിനു വിട്ടത്.
ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉൾപ്പെട്ട ഫുൾ ബെഞ്ചാകും ഏപ്രിൽ 12ന് ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂൺ അൽ റഷീദ്, ബാബു മാത്യു പി.ജോസഫ് എന്നിവരാണ് ഫുൾ ബഞ്ചിലുള്ളത്. പുതിയ ബെഞ്ചിനു മുന്നിൽ വീണ്ടും വിശദമായ വാദം നടക്കും. ഇതോടെ അന്തിമവിധിക്ക് കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പായി.
2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്നു സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത സാഹചര്യത്തിൽ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽനിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാത്ത സാഹചര്യത്തിൽ വിധി വന്നാൽ അത് ഉടനടി നടപ്പാക്കേണ്ടി വരും.