കൊച്ചി: തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. 2021-22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുംവർഷത്തിൽ ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം നേടാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ജില്ലാ പഞ്ചായത്തിന്റെ നേട്ടമെന്ന് അവർ പറഞ്ഞു. നാടിന്റെ വികസനത്തിനും വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഇടയാക്കുന്ന വ്യത്യസ്തവും നൂതനവുമായ പദ്ധതികൾ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയതിന്റെ ഫലമായാണ് ജില്ലാ പഞ്ചായത്തിന് പുരസ്കാരം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ഷീരസാഗരം പദ്ധതിയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള 30 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി.ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് പരിശ്രമിച്ച ഫിനാൻസ് ഓഫീസർ ജോബി തോമസ്, ജൂനിയർ സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക ഉപഹാരവും ചടങ്ങിൽ കൈമാറി.
പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് മികച്ച രീതിയിൽ സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും വിജയാഘോഷ പരിപാടിയിൽ ആദരിച്ചു.