ഗർഭപാത്രത്തിന്റെ ഏറ്റവും താഴത്തെ അറ്റമാണ് സെർവിക്സ് അഥവാ ഗർഭാശയ മുഖം. യോനിയെ ഗർഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെർവിക്സ്. ഈ ഭാഗത്തെ ബാധിക്കുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. ഏറ്റവും അപകടകരമായ ഒരു കാൻസർ ആണിത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യുമൻ പാപ്പിലോമ വൈറസ്(എച്ച്.പി.വി.) ആണ് സെർവിക്കൽ കാൻസറിന് ഇടയാക്കുന്നത്. അസാധാരണമായ തരത്തിൽ രക്തസ്രാവം, യോനിയിൽ നിന്നുള്ള ദുർഗന്ധത്തോടെയോ രക്താംശത്തോടെയോ ഉള്ള സ്രവം എന്നിവ സെർവിക്കൽ കാൻസറിന്റെ ലക്ഷണമാണ്. ചെറിയ പ്രായത്തിലുള്ള ലെംഗിക ബന്ധം സെർവിക്കൽ കാൻസർ ഉണ്ടാകാൻ കാരണമായ ഒരു അപകടഘടകമാണ്. പുകവലി, ഗൊണേറിയ, സിഫിലിസ്, എച്ച്.ഐ.വി. പോലുള്ള ലൈംഗിക രോഗങ്ങൾ, പ്രതിരോധശേഷിയിലുള്ള കുറവ്, ഒന്നിലധികം ലൈംഗിക പങ്കാളികൾ, ഗർഭനിരോധന നിയന്ത്രണ ഗുളികകളുടെ അനിയന്ത്രിതമായ ഉപയോഗം എന്നിവ ഇതിന് കാരണമാണ്.
എന്നാൽ സെർവിക്കൽ കാൻസറിനെക്കുറിച്ച് വേണ്ടത്ര അവബോധം പല സ്ത്രീകൾക്കുമില്ല. അതിനാൽ ആരംഭത്തിൽ തന്നെ രോഗം തിരിച്ചറിയാൻ പലപ്പോഴും സാധിക്കാറില്ല. 21-65 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകൾ മൂന്നു വർഷം കൂടുമ്പോൾ സ്ഥിരമായി സെർവിക്കൽ കാൻസർ സ്ക്രീനിങ് നടത്തേണ്ടതുണ്ട്. സെർവിക്കൽ കാൻസറിനെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി മാസം സെർവിക്കൽ കാൻസർ ബോധവത്ക്കരണ മാസമായി ആചരിക്കുകയാണ്.
പാപ്സ്മിയർ ടെസ്റ്റ്
പാപ്സ്മിയർ പരിശോധന അഥവ പാപ് ടെസ്റ്റ് ആണ് സെർവിക്കൽ കാൻസർ തിരിച്ചറിയാനുള്ള മാർഗം. ഗർഭാശയമുഖത്തെ കോശങ്ങൾ കാൻസർ കോശങ്ങളായി മാറുന്നുണ്ടോയെന്ന് നേരത്തെ കണ്ടെത്താനാണ് ഈ ടെസ്റ്റ് സഹായിക്കുന്നത്. ഗർഭാശയമുഖത്തു നിന്നും അല്പം കോശങ്ങളെ എടുത്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ഗർഭാശയ മുഖത്തെ കോശങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടോ, കാൻസർ ഉണ്ടോ, കാൻസർ വരാനുള്ള സാധ്യതയുണ്ടോ എന്നെല്ലാം അറിയാൻ സാധിക്കും. വേദനാരഹിതമാണ് ഈ പരിശോധന. ഏതാനും മിനിറ്റുകൾ കൊണ്ട് ഗർഭാശയമുഖത്തു നിന്ന് കോശങ്ങൾ എടുക്കാനാവും. ഇതിനായി ഒരു പ്രത്യേക ബ്രഷ് പോലെയുള്ള ഉപകരണം ഉപയോഗിക്കാം. ഈ കോശങ്ങൾ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ടെസ്റ്റ് നടത്തിയാണ് രോഗസാധ്യതയുണ്ടോ എന്നറിയുന്നത്. ആർത്തവം ഇല്ലാത്ത സമയത്താണ് പരിശോധന നടത്തുക. ഗൈനക്കോളജിസ്റ്റുകളാണ് പരിശോധനയ്ക്കുള്ള കോശങ്ങൾ എടുക്കുന്നത്.
വാക്സിനേഷൻ
സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വാക്സിനുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനാണ് നൽകുന്നത്. ഒൻപതു വയസ്സു മുതൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുക. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് തന്നെ വാക്സിനെടുക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.