തിരുവനന്തപുരം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ ഷീന, ഭർത്താവ് ശരത് എന്നിവർക്കെതിരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരാതി രജിസ്റ്റർ ചെയ്തത്.
സൗദി അറേബ്യയയിലെ കുബൂസ് കമ്പനിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം ജില്ലകളിലെ നൂറോളം പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി. പണം വാങ്ങി കുറച്ചുനാൾ ആശയവിനിമയം നടത്തി. പിന്നീട് ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ലെന്ന് പരാതിക്കാർ പറയുന്നു.
ഓരോരുത്തരോടും 60,000 രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചത്. പലരും 40,000 രൂപ വരെ ഷീനയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പണം കൊടുത്ത് 45 ദിവസത്തിനകം വിസ നൽകാമെന്നായിരുന്നു വാഗ്ദാനം. ശരത് മുമ്പും ഇത്തരം തട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണത്തിൽ അറിഞ്ഞതായി പരാതിക്കാർ പറയുന്നു. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് പലരും പുതിയ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.