തിരുവനന്തപുരം : ആരോഗ്യകരമായ ചുറ്റുപാടിൽ അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം നിഷേധിക്കരുതെന്ന് ജല അതോറിറ്റിയോട് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഡ്രെനേജ് മാൻഹോളിൽ എത്തുന്ന മാലിന്യങ്ങൾ പൈപ്പ് വഴി ഓടയിലേക്ക് തുറന്നുവിടുന്നുവെന്നാരോപിച്ച് പട്ടം എൽ. ഐ. സി. ലൈൻ നിവാസികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരിസരവാസികളാണ് ഓടയിലേക്ക് മാലിന്യം ഒഴുക്കിവിടാൻ സൗകര്യം ഒരുക്കിയതെന്ന് ജലഅതോറിറ്റി സ്വീവറേജ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കമീഷനെ അറിയിച്ചു. ബക്കറ്റ് ക്ലീനിംഗ് നടത്തുമെന്നും ഓവർഫ്ലോ ഉണ്ടായാൽ അത് ഒഴുക്കി വിടാൻ പി.വി.സി പൈപ്പുകൾ സ്ഥാപിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ക്ലീനിംഗും പമ്പിംഗും കൃത്യമായി നടത്താതത് കാരണമാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന് പരാതിക്കാരൻ അറിയിച്ചു. ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിച്ച് പരാതിക്ക് ശാശ്വത പരിഹാരം കാണണമെന്ന് കമീഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. പട്ടം എൽ.ഐ.സി.ലൈൻ സ്വദേശി ടി. ജി. ദിലീപ് സമർപ്പിച്ച പരാതിയിലാണ് നടപടി.