കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത് സ്റ്റേ ചെയ്യണമെന്ന ഹരജിയിൽ എ. രാജക്ക് തിരിച്ചടി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്ന രാജയുടെ ഹരജി ഹൈകോടതി തള്ളി.
അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഇത് ദീർഘിപ്പിക്കണമെന്നായിരുന്നു രാജയുടെ ആവശ്യം. എന്നാൽ, സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത് പരിഗണിച്ച് ഹൈകോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ജനന, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈകോടതി തന്നെ അയോഗ്യനാക്കിയതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. സോമരാജന്റെ സിംഗിൾ ബെഞ്ച് രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എതിർ സ്ഥാനാർഥി ഡി. കുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.